മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് കർഷക രക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തി. കാട്ടുപന്നി ശല്യം രൂക്ഷമായ മയ്യിൽ ഗ്രാമപഞ്ചായത്തിൽ കർഷക സംഘം , പാടശേഖര സമിതി , തുടങ്ങിയ സംഘടനകളുടെയും കർഷകരുടെയും ആവശ്യപ്രകാരം പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത മയ്യിൽ പഞ്ചായത്ത് പരിധിയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതം വെടി വെച്ച് കൊല്ലുവാനുള്ള അനുവാദം കർഷകരക്ഷാസേന അംഗങ്ങൾക്ക് നൽകുകയായിരുന്നു.
ഇന്നലെ പഞ്ചായത്തിലെ 8-ാം വാർഡിൽ പരിശീലനം ലഭിച്ച വേട്ടനായ്ക്കളെ ഉപയോഗിച്ച് കർഷക രക്ഷാസേന അംഗങ്ങൾ നടത്തിയ കാട്ടുപന്നി നായാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ അനിത വി.വി, വാർഡ് മെമ്പർമാരായ രാജൻ ഇ.പി,സുജിത്ര എ.പി, സുരേഷ് ബാബു, ഭരതൻ എം എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ ജില്ലയിൽ തന്നെ ധാരാളം നെൽകൃഷിയും പച്ചക്കറികളും കൃഷി ചെയ്യുന്ന പ്രദേശമാണ് മയ്യിൽ പഞ്ചായത്ത്. എന്നാൽ ഏതാനും വർഷങ്ങളായി ഈ പ്രദേശങ്ങളിലെ കർഷകർ കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. വിളവെടുക്കാറായ നെൽകൃഷിയും കപ്പ , വാഴ, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയ സകലതും കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. കാട്ടുപന്നികളുടെ ഉപദ്രവം മൂലം രാത്രികാലങ്ങളിൽ റബ്ബർ ടാപ്പു ചെയ്യുന്നതിനുപോലും സാധിക്കുന്നില്ല. രാത്രികാലങ്ങളിൽ വാഹന യാത്രക്കാർക്ക് കാട്ടുപന്നി തട്ടി പരിക്കേൽക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്. ഓട്ടോ റിക്ഷകളും ഇരുചക്ര വാഹന യാത്രക്കാരുമാണ് കൂടുതലും കാട്ടുപന്നിയുടെ ആക്രമണത്തിനിരയാകുന്നത്.
കേരളത്തിൽ കാട്ടുപന്നികളുടെ ശല്യം മൂലം കിഴങ്ങ് വിളകളുടെ ഉല്പാദനത്തിൽ വൻ തോതിലുള്ള കുറവും കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായപ്പോൾ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാദികളോടെ വെടിവെച്ച് കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഹോണററി വൈൽഡ് ലൈഫ് വാർഡന് / അധികാരപ്പെട്ട ഉദ്യോഗസ്ഥന് വനം വന്യ ജീവി വകുപ്പിൻ്റെ നം: 11/2023 / എഫ് & വൈൽഡ് ഉത്തരവ് പ്രകാരം സർക്കാർ അനുമതി നല്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ ഈ ഉത്തരവ് പ്രകാരം തളിപ്പറമ്പ് താലൂക്കിൽ കൃഷി സംരക്ഷണത്തിനായി തോക്ക് ലൈസൻസുള്ള ആളുകളെ കണ്ടെത്തി കാട്ടുപന്നി ശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാക്കി , കർഷകർക്ക് കൃഷി ചെയ്ത് വിളവെടുക്കുവാനും ഭയം കൂടാതെ സ്വതന്ത്രമായി കൃഷിസ്ഥലങ്ങളിൽ ഇറങ്ങി നടക്കുവാനും വന്യമൃഗ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന കർഷകരെ ഈ മേഖലയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനും വേണ്ടിയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ , ഫോറസ്റ്റ് ബീറ്റ് ഓഫീസർ, നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പുലിക്കുരുമ്പ സ്വദേശിയായ ബെന്നി മുട്ടത്തിൽ കർഷക രക്ഷാസേന എന്ന പേരിൽ 17 അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്.