പരിയാരം :- വസ്ത്രത്തിൽ പിടിപ്പിക്കുന്നതിനായി കടിച്ചുപിടിച്ച സേഫ്റ്റി പിൻ അബദ്ധത്തിൽ വിഴുങ്ങിയ 15 വയസ്സുകാരിക്ക് രക്ഷകരായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്. എൻഡോസ്കോപ്പിയിലൂടെ പിൻ പുറത്തെടുത്തു. ചെറുകുടലിലെത്തിയ രണ്ടിഞ്ച് നീളവും ഒരു മില്ലിമീറ്റർ വീതിയുമുള്ള പിൻ ആണ് മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എൻഡ്രോളജി വിഭാഗത്തിലെ ഡോ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ പുറത്തെടുത്തത്.
കഴിഞ്ഞദിവസം രാത്രി കഠിനമായ വയറുവേദനയുമായാണ് 15 വയസ്സുകാരി മെഡിക്കൽ കോളേജിലെത്തിയത്. പിൻ ചെറുകുടലിൽ തറച്ചുനിൽക്കുന്ന അവസ്‌ഥയിലായിരുന്നു. യഥാസമയം ചികിത്സ കിട്ടിയില്ലെങ്കിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ഉണ്ടാകുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. ജനറൽ സർജറി വിഭാഗത്തിലെ ഡോ.ഡെലീന, എൻഡോസ്കോപ്പി വിഭാഗത്തിലെ മനോജ്, സ്റ്റാഫ് നഴ്സ‌് മിനി എന്നിവരും എൻഡോസ്കോപ്പി നടത്തിയ സംഘത്തിലുണ്ട്.