കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാ ജില്ലകളിലും ലഭ്യമാകും


 കണ്ണൂർ:-കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പ്രത്യേക കൗണ്ടര്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. 

ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെയാകും ഇത് ലഭിക്കുക.  

247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്.


▶️ സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍:


1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി

3. പത്തനംതിട്ട ജനറല്‍ ആശുപത്രി

4. ആലപ്പുഴ മെഡിക്കല്‍ കോളേജ്

5. കോട്ടയം മെഡിക്കല്‍ കോളേജ്

6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി

7. എറണാകുളം മെഡിക്കല്‍ കോളേജ്

8. തൃശൂര്‍ മെഡിക്കല്‍ കോളേജ്

9. പാലക്കാട് ജില്ലാ ആശുപത്രി

10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി

11. കോഴിക്കോട് മെഡിക്കല്‍ കോളേജ്

12. മാനന്തവാടി ജില്ലാ ആശുപത്രി

13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്

14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി.

Previous Post Next Post