മയ്യിൽ :- മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രന് സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ പുരസ്കാരം. മയ്യിൽ പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മയിൽ ആറുവർഷം മുൻപാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. ശാസ്ത്രീയ കൃഷിമുറകളിലൂടെ ഉത്പാദന വർധനവും നവീന സാങ്കേതികവിദ്യയിലൂടെ വൈവിധ്യവത്കരണവും സാധ്യമാക്കിയ ഒട്ടനവധി ഇടപെടലുകളാണ് പെരുമയ്ക്ക് പിന്നിൽ. വിപണനരംഗത്തെ കമ്പനിയുടെ ഇടപെടലുകളും കർഷകർക്ക് വലിയ അശ്വാസമേകിയതാണ്.
ചെറുകിട അരിമില്ലുകൾ സ്ഥാപിച്ച് സ്വന്തമായി അരി ഉത്പാദിപ്പിച്ച് 'മയ്യിൽ അരി' എന്ന പേരിൽ വിപണിയിലിറക്കാനും കൂട്ടായ്മയ്ക്ക് സാധ്യമായി. നിലവിൽ 10,000 ടൺ നെല്ലാണ് സംഭരിച്ചു വരുന്നത്. 2663 കർഷകരും 567 ഓഹരി ഉടമകളുമുള്ള മയ്യിൽ അരി കമ്പനിയുടെ വാർഷിക വിറ്റുവരവ് 2.36 കോടിയാണ്. കെ.കെ രാമചന്ദ്രൻ ചെയർമാനും കെ.കെ ഭാസ്കരൻ മാനേജിങ് ഡയറക്ടറും യു.ജനാർദനൻ സി.ഇ.ഒയുമായി കമ്മിറ്റിയാണ് ഇപ്പോൾ മയ്യിൽ അരി കമ്പനിയെ നയിക്കുന്നത്. ഉത്പാദന ക്ഷമത ഉറപ്പുവരുത്തുന്ന തിനുള്ള കൃത്യതാ കൃഷിരീതി, കർഷകരുടെ വരുമാനവർധനവിനുള്ള തന്ത്രങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തൽ തുടങ്ങിയ വിവിധ മേഖലകളെ ഉൾച്ചേർത്തുള്ള കാർഷിക മുന്നേറ്റത്തിന് കർഷകർക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ചെയർമാൻ കെ.കെ രാമചന്ദ്രൻ പറഞ്ഞു.
സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വനിതാ കർഷകതിലകമായി പട്ടുവത്തെ കെ.ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാഥമിക കാർഷിക വായ്പാസംഘത്തിനുള്ള പുരസ്കാരം അഞ്ചരക്കണ്ടി ഫാർമേഴ്സ്ബാങ്ക് നേടി. പൊതുമേഖലാ സ്ഥാപനമായി കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്സ്, ക്ഷോണി സംരക്ഷണ പുരസ്സാരം മാവും ചാലിലെ അഗസ്റ്റിൻ തോമസിനാണ്.