കണ്ണൂർ :- ഓണത്തിന് നാടുപിടിക്കാൻ മറുനാട്ടിലെ മലയാളികൾ ഓട്ടം തുടങ്ങി. തീവണ്ടികളിൽ സീറ്റില്ല. നിലവിൽ ഓടുന്ന പ്രധാന വണ്ടികളിലെല്ലാം വെയ്‌റ്റിങ് ലിസ്റ്റ് 100 കടന്നു. കാര്യമായി സ്പെഷ്യൽ വണ്ടികൾ പ്രഖ്യാപിച്ചിട്ടുമില്ല. ചെന്നൈ-മംഗളൂരു മെയിലിൽ (12601) 13-ന് സ്ലീപ്പർ വെയ്റ്റിങ് ലിസ്റ്റ് 268 ആണ്. 90 മുതൽ 108 വരെയാണ് ഈ ആഴ്ചയിലെ വെയ്റ്റിങ്. ബെംഗളൂരു യാത്രക്കാർ ഇനി ഓൺലൈനിൽ തിരയേണ്ട. യശ്വന്ത്പുർ എക്സ്പ്രസിന് (16527) കണ്ണൂരിലേക്ക് 12,13,14 തീയതികളിലെ സ്ലീപ്പർ വെയ്റ്റിങ് ടിക്കറ്റ് 262, 295, 208 ആണ്.
ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ (16511) 12,18 തീയതികളിലെ സ്ലീപ്പർ വെയ്റ്റിങ് 132, 204 കടന്നു. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ 95 ആണ് ഇപ്പോഴത്തെ സ്ലീപ്പർ വെയ്‌റ്റിങ് നില. കേരളത്തിൽ കുറച്ച് പ്രത്യേക വണ്ടികൾ ഓടിക്കുന്നുണ്ട്. എന്നിട്ടും സ്ഥിതി രൂക്ഷമാണ്. മാവേലി എക്സ്‌പ്രസിൽ 18-ന് തിരുവനന്തപുരം -കണ്ണൂർ യാത്രയുടെ വെയ്റ്റിങ് ലിസ്റ്റ് 280 ആണ്. ഈ ആഴ്ച 78 മുതൽ 149 വരെയാണ് വെയ്‌റ്റിങ് നില. മലബാർ എക്സ്പ്രസിൽ 12, 13 തീയതികളിൽ 128, 283 ആണ് വെയ്റ്റിങ്. തിരുവനന്തപുരം എക്സ്‌പ്രസിൽ(16347) ഇത് 160, 272 ആണ്.