പത്തനംതിട്ട :- ഒൻപത് ദിവസം ഭക്തർക്ക് ഭഗവാനെ ദർശിക്കാനാകുന്ന ശബരിമലയിലെ തീർഥാടനകാലം വെള്ളിയാഴ്ച തുടങ്ങും. ഓണം, കന്നിമാസപൂജ എന്നിവ തുടർച്ചയായി വരുന്നതിനാലാണ് ഇത്രയും ദിവസം നടതുറന്നിരിക്കുന്നത്. അയ്യപ്പന്റെ സന്നിധിയിൽ ഭക്തർക്ക് വിഭവസമൃദ്ധമായ സദ്യ നൽകുന്ന പൂജാകാലം കൂടിയാണിത്.
സെപ്റ്റംബർ 13-ന് വൈകുന്നേരം 5 മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നടതുറക്കും. അന്നുതന്നെ സന്നിധാനത്ത് ഓണസദ്യക്കുള്ള വിഭവങ്ങളുടെ ഒരുക്കം തുടങ്ങും.
ഉത്രാടദിനമായ 14-ന് മേൽശാന്തിയുടെ വകയാണ് സദ്യ. തിരുവോണത്തിന് ദേവസ്വം ഉദ്യോഗസ്ഥരും പിറ്റേന്ന് പോലീസുകാരുമാണ് സദ്യ നൽകുന്നത്. മൂന്നുദിവസവും ഉച്ചയ്ക്ക് സന്നിധാനത്തുള്ള മുഴുവൻ ഭക്തർക്കും ഇലയിട്ട് വിഭവങ്ങൾ വിളമ്പും.