തിരുവനന്തപുരം :- കഴിഞ്ഞ സാമ്പത്തിക വർഷത്തെ ട്രഷറി നിയന്ത്രണം മൂലം സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഈ വർഷത്തെ പദ്ധതിവിഹിതത്തിൽ കുറവു വന്നത് 180.75 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ച 180.75 കോടി രൂപയുടെ 2027 ബില്ലുകൾ ട്രഷറിയിൽ പണമില്ലാത്തതിനാൽ ക്യൂ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഈ ബില്ലുകൾ പാസാക്കാനുള്ള തുക ഈ വർഷം തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതി വിഹിതത്തിൽ നിന്നു കുറച്ചതാണ് കാരണം. പദ്ധതിവിഹിതത്തിൽ കുറവു വന്നതോടെ ഈ വർഷത്തേക്കു തയാറാക്കിയവയിൽ നിന്ന് 180.74 കോടി രൂപയുടെ പദ്ധതികൾ തദ്ദേശസ്‌ഥാപനങ്ങൾ വെട്ടിച്ചുരുക്കി.
എല്ലാ വർഷവും മാർച്ച് അവസാന വാരം ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ 'ക്യൂ'വിലേക്കു മാറ്റുകയും അടുത്ത സാമ്പത്തിക വർഷം അനുവദിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത ട്രഷറി നിയന്ത്രണങ്ങൾ മൂലം ക്യൂ ബില്ലുകളുടെ എണ്ണം കൂടിയ താണ് പ്രതിസന്ധിക്കു കാരണ മായത്. ട്രഷറി നിയന്ത്രണത്തി ൻ്റെ ഭാഗമായി ഫെബ്രുവരി മുതൽ തന്നെ ബില്ലുകൾ 'ക്യൂ'വിലേക്കു മാറ്റാൻ തുടങ്ങി. 5 ലക്ഷത്തിൽ താഴെയുള്ളബില്ലുകൾ മാത്രം പാസാക്കാനും ബാക്കിയുള്ളവ 'ക്യൂ'വിലേക്കു മാറ്റാനുമായിരുന്നു ആദ്യ നിർദേശം. പിന്നീട് ഈ പരിധി ഒരു ലക്ഷമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മാർച്ചിൽ ശമ്പളവും പെൻഷനും ഒഴികെയുള്ള ബില്ലുകളൊന്നും പാസാക്കേണ്ടെന്നു നിർദേശമെത്തി. ഇതോടെ മാർച്ചിൽ തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച ബില്ലുകളെല്ലാം 'ക്യൂ'വിലേക്കു മാറി.
പഞ്ചായത്തുകളുടെ 1090 ബില്ലുകളും (84.41 കോടി) നഗരസഭകളുടെ 220 (21.16 കോടി), കോർപറേഷനുകളുടെ 109 (14.20 കോടി), ബ്ലോക്ക് പഞ്ചായത്തുകളുടെ 218 (15.69 കോടി), ജില്ലാ പഞ്ചായത്തുകളുടെ 390 (45.28 കോടി) ബില്ലുകളുമാണ് കഴിഞ്ഞ സാമ്പത്തിക വർഷം 'ക്യൂ'വിലേക്കു മാറ്റിയത്. സംസ്‌ഥാന ബജറ്റിലെ പദ്ധതിവിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്‌ഥാപനങ്ങൾ മാർച്ചിനു മുൻപേ തന്നെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയാറാക്കും. ഇങ്ങനെ തയാറാക്കിയ പദ്ധതികളാണ് പണമില്ലാത്തതിനാൽ ഇപ്പോൾ വെട്ടിച്ചുരുക്കേണ്ടി വന്നത്. മുൻ സാമ്പത്തിക വർഷത്തെ പൂർത്തിയാകാത്ത പദ്ധതികൾക്കായി (സ്പ്‌പിൽ ഓവർ) പദ്ധതിവിഹിതത്തിന്റെ 20% സർക്കാർ അനുവദിക്കാറുണ്ട്. 'ക്യൂ'വിലുള്ള ബില്ലുകളുടെ പണം കൂടി ഇതേ മാതൃകയിൽ അനുവദിക്കണമെന്നാണ് തദ്ദേശസ്‌ഥാപനങ്ങളുടെ ആവശ്യം.