കണ്ണൂർ :- കൊതുകു വളർത്താൻ കലക്ടറേറ്റ് പരിസരത്ത് വിപുലമായ സൗകര്യം. കലക്ടറേറ്റ് വളപ്പിലെ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് തന്നെ ഡെങ്കിപ്പനി സമ്മാനിച്ച് കൊതുകുകൾ പെരുകിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികളില്ല. ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗത്തിൻ്റെ ഓഫിസിലെ രണ്ടു പേരും ധനകാര്യ പരിശോധനാ സ്ക്വാഡിലെ ഒരു ജീവനക്കാരനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചത്. ഇതിൽ ധനകാര്യ പരിശോധനാ വിഭാഗം ജീവനക്കാരൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കലക്ടറേറ്റ് വളപ്പിൽ നിന്ന് കാൽടെക്സസ് ജങ്ക്ഷനിലേക്കുള്ള കവാടത്തിനു സമീപം നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് മാസങ്ങളായി വെള്ളം കെട്ടിനിൽക്കുന്നത്. മേയിൽ വേനൽ മഴ തുടങ്ങിയതു മുതൽ ഇവിടെ വെള്ളം കെട്ടിനിൽക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. അപ്പോൾ മുതൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കാത്തതാണ് കലക്ടറേറ്റ് ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിക്കുന്നതിലേക്ക് സ്‌ഥിതിയെത്തിയതെന്നും ഇവർ പറയുന്നു.