പലഹാരപ്പൊതി വിളമ്പി മനസും വയറും നിറച്ച് കാരുണ്യത്തിന്റെ ' അമ്മായി തക്കാരം'


കണ്ണൂർ :- സ്വാദിഷ്ഠമായ പലഹാരങ്ങളൊരുക്കി 'അമ്മായി തക്കാരം'. കൈവീശൽ, കക്കറൊട്ടി, ചെമ്മീൻ ഉണ്ട, കല്ലുമക്കായ പൊരിച്ചത്, തലശ്ശേരി സ്പെഷ്യൽ അട, കുഞ്ഞിക്കലത്തപ്പം തുടങ്ങി പലഹാരങ്ങളുടെ നീണ്ടനിര. എളയാവൂർ സി.എച്ച്. സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അർബുദ സാന്ത്വന പരിചരണത്തിനായുള്ള പണം കണ്ടെത്താനായാണ് സി.എച്ച്‌ സെന്റർ വനിതാകൂട്ടായ്യ 'അമ്മായി തക്കാരം' എന്ന പേരിൽ പലഹാരമേളയും കൈകൊട്ടിപ്പാട്ടും സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ളവർ വീടുകളിൽ പാചകം ചെയ്ത വിഭവങ്ങളാണ് വില്പനയെത്തിച്ചത്. 35 വനിതകൾ തയ്യാറാക്കിയ 50-ലധികം വിഭവങ്ങളാണ് പലഹാരമേളയിലുണ്ടായിരുന്നത്. വൈകീട്ട് മൂന്നിന് പയ്യാമ്പലത്തെ നടപ്പാതയിൽ മേശയിട്ട് നിരത്തിയ പലഹാരം കണ്ട് നിരവധിപ്പേരെത്തി. ഉദ്ദേശം അറിഞ്ഞതോടെ അവരാലാവുന്ന സംഭാവനയും നൽകി വയറും മനസ്സും നിറച്ചായിരുന്നു മടക്കം.

പാട്ട് കേട്ടെത്തിയവരും സംഭാവന നൽകാൻ മറന്നില്ല. അതോടെ ആറുമണിക്ക് മുൻപുതന്നെ പലഹാരങ്ങളെല്ലാം തീർന്നു. 10 പേരടങ്ങുന്ന കണ്ണൂർ ഇശൽ എന്ന സംഘമാണ് കൈകൊട്ടിപ്പാട്ടും ഗാനമേളയും അവതരിപ്പിച്ചത്. ജീവകാരുണ്യരംഗത്ത് വേറിട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ് എളയാവൂർ സി.എച്ച്. സെൻ്റർ. രണ്ടു വർഷമായി അർബുദരോഗികൾക്ക് സാന്ത്വനപരിചരണമേകുന്നുണ്ട്. അർബുദരോഗികളെ ചികിത്സിക്കാൻ പ്രത്യേക കെട്ടിടം നിർമിക്കാനുള്ള ഒരുക്കത്തിലാണ് സി.എച്ച് സെന്റർ. അതിനായി സഹായമേകാനും ഇതിലൂടെയാകും. പലഹാരമേളയിലെത്തിയവർക്ക് വനിതാവിഭാഗം ഭാരവാഹികൾ സെന്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് വിവരിച്ച് നൽകുകയും വിവരങ്ങളടങ്ങിയ നോ ട്ടീസ് കൈമാറുകയും ചെയ്തു.പലരും സെൻ്റർ സന്ദർശിക്കാനും സംഭാവന നൽകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വിജയകരമായി പരിപാടി നടത്താനായതായി വനിതാ വിഭാഗം ഭാരവാഹികളായ എം.സൗജത്ത്, എം.പി താഹിറ, തസ്‌നീം ഫാത്തിമ എന്നിവർ പറഞ്ഞു.

Previous Post Next Post