മയ്യിൽ :- സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം യുവത യുവജനവേദിയുടെ ആഭിമുഖ്യത്തിൽ യാത്രാനന്ദം പരിപാടി സംഘടിപ്പിച്ചു. സഞ്ചാരിയും ട്രാവൽ വ്ലോഗറുമായ ഒ.എം അസ്‌ലം മുഖ്യാതിഥിയായി. തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു.എന്തിന് യാത്രചെയ്യണം എന്ന ചോദ്യത്തിന് നല്ല മനുഷ്യനാകാൻ എന്നായിരുന്നു ഒ എം അസ്‌ലം ഉത്തരം പറഞ്ഞത്. യാത്ര മനുഷ്യരെ അടിമുടി മാറ്റിത്തീർക്കുമെന്നതിന് അനേകം ഉദാഹരണങ്ങൾ കേൾവിക്കാർക്കായി നിരത്തുകയും ചെയ്‌തു അസ്‌ലം. യാത്രക്കിടയിൽ കശ്‌മീരിലെ ഉൾഗ്രാമത്തിലെ കുടിലിൽ അന്നാദ്യമായി കണ്ടുമുട്ടിയ പ്രായമുള്ള അമ്മ ഭക്ഷണം വെച്ചുവിളമ്പിയതും ഭാഷകൾ അറിയാതെ പരസ്‌പരം മണിക്കൂറുകളോളം സംസാരിച്ചതും മനുഷ്യർ തമ്മിൽ ഉടലെടുക്കുന്ന വിനിമയഭാഷയുടെ സൗന്ദര്യമായാണ് അസ്‌ലം പങ്കുവെച്ചത്. ശ്രീലങ്കയിലെ യാത്രയ്‌ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതോടെ ബാഹ്യലോകവുമായുള്ള ബന്ധമറ്റ് നിസ്സഹായനായ നിമിഷങ്ങളിൽ തുണയെത്തിയ മനുഷ്യനെയും ഓർമകളിൽ നിന്ന് പരതിയെടുത്തു ആ സഞ്ചാരി. നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അനേകം കിലോമീറ്ററുകൾ സഞ്ചരിച്ച് ഫോൺ കണ്ടെത്തിയതിലൂടെ ആരംഭിച്ച് ഇന്നും തുടരുന്ന ആത്മബന്ധത്തിന്റെ കഥ പറഞ്ഞാണ് അസ്‌ലം അവസാനിപ്പിച്ചത്.
യാത്രകൾ മതങ്ങളുടെയും രാജ്യങ്ങളുടെയും അതിർത്തികൾ ഭേദിക്കുന്നതിന് അനേകം അനുഭവങ്ങൾ നിരത്താനുണ്ടായിരുന്നു അദ്ദേഹത്തിന്. കാഴ്‌ചകൾ കാണാൻ മാത്രമുള്ളതല്ല, അനുഭവങ്ങളും അറിവുമാണ് യാത്രയെ അവിസ്‌മരണീയമാക്കുക. മതങ്ങൾക്കപ്പുറം ജാതികൾക്കും സമ്പത്തിനുമപ്പുറം വിശാലലോകമുണ്ടന്നും ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന അനേകം മനുഷ്യരുണ്ടെന്നും യാത്രകൾ കാട്ടിത്തരുമെന്നും അസ്‌ലം കൂട്ടിചേർത്തു. ഇൻസ്‌റ്റഗ്രാമിൽ മാത്രം നാലുലക്ഷം ഫോളോവറുള്ള അസ്‌ലം കണ്ണൂർ പാലത്തുങ്കര സ്വദേശിയാണ്. 12 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ച ഈ യുവഎൻജിനീയർ ഒട്ടുമിക്ക ഇന്ത്യൻ ഗ്രാമങ്ങളിലൂടെയും യാത്രചെയ്‌തിട്ടുണ്ട്. പരിപാടിയിൽ ഒ.ശരത്‌കൃഷ്‌ണൻ അധ്യക്ഷനായി. തുടർന്ന് പാട്ടുപുരയുടെ ‘പാട്ടോണം’ അരങ്ങേറി.