ഇരിട്ടി :- ആറളം വന്യജീവിസങ്കേതത്തിൽ വളയംചാലിൽ നാല് കുരങ്ങുകൾ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജഡം കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൃതദേഹം പരിശോധിച്ചപ്പോൾ പരിക്കുകളോ ആന്തരികാവയവങ്ങളിൽ വിഷാംശ സാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദഗ്‌ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വയനാട്ടിലെ വന്യജീവിസങ്കേതം ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് കുരങ്ങുകൾ മരിച്ചത് മങ്കി മലേറിയ ബാധിച്ചാണെന്ന്സ്ഥിരീകരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറളം വളയംചാലിലെ ഉൾവനത്തിൽ കുരങ്ങുകൾ ചത്തതായി കണ്ടെത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നിർദേശ പ്രകാരം ആറളം വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ ആറളം, കണ്ണൂർ ഡിവിഷനുകളുടെ നേതൃത്വത്തിൽ വന്യജീവിസങ്കേതത്തിനുള്ളിൽ വ്യാപക പരിശോധന നടത്തിയിരു ന്നു. വളയംചാൽ, പൂക്കുണ്ട്, ചീങ്കണ്ണിപുഴയോരം, ആറളം ഫാമുമായി അതിർത്തിപങ്കിടുന്ന പ്രദേശം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോ ധനയിൽ കൂടുതൽ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ അസ്വാഭാവികമായ തരത്തിലുള്ള കുരങ്ങുകളെയോ കണ്ടെത്താൻ കഴിഞ്ഞില്ല.
മേഖലയിൽ ആദ്യമായാണ് മങ്കി മലേറിയ റിപ്പോർട്ട് ചെയ്യുന്നത്. കുരങ്ങുകളിൽനിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പടരാൻ സാധ്യതയുള്ള രോഗമാണിത്. ഔദ്യോഗികമായി പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് ആറളം വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞത്. വനമേഖലയിൽ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കുരങ്ങുകൾ ചത്ത നിലയിൽ കാണാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുൻകരുതൽ നടപടികളും പ്രതിരോധപ്രവർത്തനങ്ങളും നടത്തുമെന്നും ആറളം വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.