തിരുവനന്തപുരം :- ഓണക്കാലമായതിനാൽ ഈ മാസം വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാർഡിലെ ഓരോ അംഗത്തിനും 2 കി ലോഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബ്രൗൺ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപനിരക്കിൽ 2 കിലോഗ്രാം അരി നൽകും. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ അരിയുടെ അളവിൽ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്നു റേഷൻ കടകൾക്ക് അവധിയായതിനാൽ സെപ്റ്റംബർ മാസത്തെ വിതരണം നാളെ ആരംഭിക്കും.
അരിവിഹിതം സംബന്ധിച്ചു ഭക്ഷ്യപൊതുവിതരണ അറിയിപ്പ് പുറത്തിറക്കിയെങ്കിലും റേഷൻ സാധനങ്ങൾ മിക്ക കടകളിലും എത്തിയിട്ടില്ല. മൂന്നാം വാരത്തിലാണ് ഓണമെന്നതിനാൽ നിലവിലെ സ്റ്റോക്ക് ക്രമീകരിക്കാതെ വിതരണം എളുപ്പമാകില്ല. കഴിഞ്ഞ മാസം ഓരോ ഇനം അരിയും നിശ്ചിത അളവിൽ ഓരോ കാർഡ് ഉടമയ്ക്കും കൊടുക്കണമെന്ന കോംബോ വിതരണ രീതിയായിരുന്നു. ഓണം പ്രമാണിച്ച് ഇത് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കിറ്റ് വിതരണത്തിലെയും വേതനത്തിലെയും കുടിശികയും മറ്റും സംബന്ധിച്ചു റേഷൻ വ്യാപാരികളുടെ പ്രതിഷേധം തണുപ്പിക്കാൻ മന്ത്രി ജി.ആർ അനിൽ നാളെ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചു. വ്യാപാരികൾക്കുള്ള വേതനത്തിൽ ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലേതു കുടിശികയാണ്.