തളിപ്പറമ്പ് :- വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവെച്ചയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഏരുവേശി ചുണ്ടപ്പറമ്പ് പുലിയുറുമ്പിൽ തോമസിനെയാണ് (ബാബു 59) പിടികൂടിയത്. കറിവച്ച 680 ഗ്രാം മയിലിറച്ചി പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്കു വീട്ടുമുറ്റത്തെത്തിയ മയിലിനെ മരക്കൊമ്പുകൊണ്ട് എറിഞ്ഞുവീഴ്ത്തിയ താണെന്ന് വനംവകുപ്പ് പറയുന്നു.
തളിപ്പറമ്പ് റേഞ്ചർ പി.രതീശനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ എ.കെ ബാലൻ, ദാസ്, ഉദ്യോഗസ്ഥരായ വൈശാഖ്, വിപിൻ എന്നിവരെത്തിയാണു പരിശോധന നടത്തിയത്. തോമസിനെ ഇന്നു കോടതിയിൽ ഹാജരാക്കും. ദേശീയപക്ഷിയെന്ന നിലയിൽ, ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട മയിലിനെ കൊല്ലുന്നത് 3 മുതൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.