കണ്ണൂർ :- സിഗരറ്റ് വലിക്കാൻ ലൈറ്റർ ചോദിച്ചിട്ട് നൽകാത്ത വിരോധത്തിൽ യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി കെ.മുഹമ്മദ് സഫ്വാൻ (22), കൊറ്റാളി സ്വദേശി കെ.സഫ്വാൻ എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പുലർച്ചെ 2.45 നായിരുന്നു സംഭവം. പാപ്പിനിശ്ശേരി സ്വദേശി ടി.പി.പി മുനവീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പരാതിക്കരന്റെ സഹോദരനായ ടി.പി.പി തൻസീൽ (22), സുഹൃത്ത് ഷഹബാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്പലത്ത് നടന്ന ബർത്ത് ഡേ പാർട്ടിയിൽ വച്ച് ആറ്പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ വാക്ക്തർക്കം നടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ചേർന്ന് ആയുധം ഉപയോഗിച്ച് തൻസീലിന്റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്റെ വയറിനും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ പോലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.