തളിപ്പറമ്പ്:- വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായി ക്കാവിലെത്തിയത്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും കഴിച്ചാണ് എഡിജിപി മടങ്ങിയത്.
എഡിജിപിയുടേത് സ്വകാര്യ സന്ദർശനമായിരുന്നെന്നും സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഒപ്പമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി.