സൗഹൃദം പുതുക്കി കൈതപ്രത്തിന്റെ വീട്ടിൽ യൂസഫലി എത്തി

സംഗീത വിരുന്നു നൽകി കൈതപ്രവും മുത്ത് പതിച്ച സഫ്ടിക ശിൽപ്പം സമ്മാനിച്ച് എം.എ യൂസഫലിയും


കോഴിക്കോട് :- 
മണ്ണിനോടും പ്രകൃതിയോടും ഇഴുകിചേര്‍ന്ന് നില്‍ക്കുന്ന തിരുവണ്ണൂരിലെ 'കാരുണ്യം' വീട്ടിലേക്ക് അപ്രതീക്ഷിതമായാണ് എം.എ യൂസഫലി എത്തിയത്. തിരക്കുകള്‍ക്കിടയിലും കോഴിക്കോടെത്തിയ ഉടനെ ആദ്യം ആഗ്രഹിച്ചതും പ്രിയമിത്രത്തെ കാണാന്‍.അതിഥിയായെത്തിയ കച്ചവടത്തിന്റെ കലാകാരനെ ഹൃദയംനിറഞ്ഞ സംഗീതത്തോടെ കൈതപ്രം സ്വീകരിച്ചു.

ലുലുവിനുള്ള സ്വാഗത ഗാനം കൈതപ്രത്തിന്റെ ശിഷ്യര്‍ ഏറ്റുപാടിയത് മനംനിറഞ്ഞ് കേട്ടിരുന്നു എം.എ യൂസഫലി..പിന്നാലെ പ്രിയസുഹൃത്തിന് കൈയ്യില്‍ കരുതിയ മുത്ത് പതിച്ച സഫ്ടിക ശില്‍പ്പം സമ്മാനിച്ചു.സൗഹൃദസംഗമത്തിന്റെ നേര്‍സാക്ഷ്യമായി മാറി കൈതപ്രത്തിന്റെ വസതി.

കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന തിരക്കുകള്‍ക്കിടയിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വീട് എം.എ യൂസഫലി സന്ദര്‍ശിച്ചത്. മികച്ച സുഹൃദ്ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. പ്രായത്തില്‍ അനുജനാണെങ്കിലും സ്‌നേഹവും ബഹുമാനവും കൊണ്ട് ഇക്കയെന്നാണ് യൂസഫലിയെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിളിക്കുന്നത്. കോഴിക്കോട് എത്തിയ ഉടനെ തന്നെ നേരില്‍ കാണാന്‍ യൂസഫലി എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ലുലു കോഴിക്കോട് തുറക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സ്വന്തം കുടുംബത്തിലെ സംഭവം നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്ന് കൈതപ്രം കൂട്ടിചേര്‍ത്തു. ഭൗതികതയുടെ ഉത്തുംഗശ്രംഗത്തില്‍ എത്തിയപ്പോഴും ആത്മീയത വിടാത്ത മതത്തിന്റെ സത്ത വിടാത്ത മതേതരത്വമുള്ള വലിയ മനുഷ്യനാണ് എം.എ യൂസഫലിയെന്ന് കൈതപ്രം വ്യക്തമാക്കി.

Previous Post Next Post