മികച്ച ബാലസാഹിത്യ കൃതിക്കുള്ള ഭീമാ സ്വാതി കിരൺ പുരസ്കാരം എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മൻമേഘിന് സമ്മാനിച്ചു


കണ്ണൂർ :- കുട്ടികൾ എഴുതുന്ന മികച്ച ബാലസാഹിത്യ കൃതിക്കുള്ള ഭീമാ സ്വാതി കിരൺ പുരസ്കാരം ബാലചിത്രകാരൻ കൂടിയായ എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി മൻമേഘിന് ലഭിച്ചു. കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്ത ശില‌വും പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കോഴിക്കോട് നടന്ന ചടങ്ങിൽ എം.കെ രാഘവൻ എം പിയും അവാർഡ് നിർണയ കമ്മറ്റി ചെയർമാൻ കൂടിയായ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറും ചേർന്ന് മൻമേഘിന് പുരസ്കാരം സമ്മാനിച്ചു. 

കലയിലും സാഹിത്യത്തിലും ഒരുപോലെ അഭിരുചി പ്രകടിപ്പിക്കുന്ന മൻമേഘ് 2022-ലെ കേരള സർക്കാർ ഉജ്വല ബാല്യ പുരസ്‌കാരജേതാവും നാഷണൽ എക്‌സലൻസ് അവാർഡ് വിന്നറുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും രചനകൾ നടത്താറുള്ള മൻമേഘിൻ്റെ 'ദിനോസർ ബോയ് ' എന്ന മലയാളം ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. 64 പുസ്‌തകങ്ങളെ പിൻ തള്ളിയാണ് ആലങ്കോട് ലീലാകൃഷ്‌ണൻ, ഡോ.സിപ്പി പള്ളിപ്പുറം, ഡോ. മിനി പ്രസാദ് എന്നിവർ ഉൾക്കൊള്ളുന്ന ജൂറി കുട്ടികളുടെ മികച്ച ബാലസാഹിത്യ കൃതിയായി മൻമേഘിൻ്റെ പുസ്‌തകത്തെ തെരഞ്ഞെടുത്തത്.

ഈ കൃതി ബാലസാഹിത്യസമിതി കൃഷ്ണൻ മേത്തല അവാർഡിനും അർഹമായി. സിപ്പി പള്ളിപ്പുറം, മുരളീധരൻ ആനാപ്പുഴ, കെ.എം സുമ, പൗർണ്ണമി വിനോദ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന പാനലാണ് അവാർഡിനർഹമായ കൃതികൾ തിരഞ്ഞെടുത്തത്. ഒക്ടോബർ അവസാനവാരം കൊടുങ്ങല്ലൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.



Previous Post Next Post