ഓണത്തിന് നിറമേകാൻ കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലും ചെണ്ടുമല്ലിവസന്തം


കണ്ണൂർ :- ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി വകുപ്പിന്റെ എസ് എച്ച് എം പദ്ധതി പ്രകാരം കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ കൃഷി ചെയ്ത ചെണ്ടുമല്ലികയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിച്ചു. ഉത്തര മേഖല ജയിൽ ഡി ഐ ജി ബി സുനിൽ കുമാർ ആദ്യ വില്പന തളിപറമ്പ് കാർഷിക വികസന ബാങ്ക് കൺസോർഷ്യം വൈസ് ചെയർമാൻ എൽ വി മുഹമ്മദിന് നൽകി നിർവ്വഹിച്ചു. 

പുഴാതി കൃഷിഓഫീസർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ ജയിൽ അന്തേവാസികളാണ് ചെണ്ടുമല്ലി പൂ കൃഷി ചെയ്തത്. സെൻട്രൽ ജയിലിലെ ഒന്നര ഏക്കർ സ്ഥലത്ത് കഴിഞ്ഞ ജൂലൈ മാസത്തിലാണ് 1500 ഓളം ചെണ്ടുമല്ലി തൈകൾ നട്ടു പിടിപ്പിച്ചത്. സെൻട്രൽ ജയിലിനു മുന്നിലെ ഒന്നാം കൗണ്ടറിലൂടെ ആവശ്യക്കാർക്ക് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ പൂക്കൾ വിതരണം നടത്തും.

 ചടങ്ങിൽ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോം സുപ്രണ്ട് കെ വേണു അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി രേണു പദ്ധതി വിശദീകരിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് കെ കെ റിനിൽ, വനിതാ ജയിൽ സൂപ്രണ്ട് എ റംല ബീവി, പുഴാതി കൃഷി ഓഫീസർ ശ്രീകുമാർ, പി ടി സന്തോഷ്, കെ കെ ബൈജു, എന്നിവർ സംസാരിച്ചു സ്‌പെഷൽ സബ് ജയിൽ സുപ്രണ്ട് ഇ വി ജിജേഷ് സ്വാഗതവും അസിസ്റ്റന്റ് സൂപ്രണ്ട് കെ സി വിൻസെന്റ് നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിസൺമെഡലിനർഹരായ ടി എ പ്രഭാകരൻ, എസ് ഷാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

Previous Post Next Post