കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ കണ്ണൂർ DCC ഓഫീസിൽ ആദരാജ്ഞലികൾ അർപ്പിച്ച് നേതാക്കൾ


കണ്ണൂർ:-അന്തരിച്ച  കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായിരുന്ന  കെ പി കുഞ്ഞികണ്ണൻ്റെ  ഭൗതികശരീരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് പൊതു ദർശനത്തിന് വെച്ചു. 

 എഐ സിസിയുടെ സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ എംപി ,മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് , പ്രൊഫ. എ ഡി മുസ്തഫ ,അബ്ദുൽ കരീം ചേലേരി ,എം വി ജയരാജൻ ,മേയർ മുസ്‌ലിഹ്‌ മഠത്തിൽ ,പി ടി ജോസ് ,ഇ  പി ജയരാജൻ  , പി ജയരാജൻ , ടിവി രാജേഷ് ,വി എ നാരായണൻ കെപിസിസി ജനറൽ സെക്രട്ടറി  അജയ് തറയിൽ  ,പി ടി മാത്യു , സജീവ് മാറോളി , ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ , പി കെ ഫൈസൽ ,സി എൻ ചന്ദ്രൻ , എം പി മുരളി ,വെള്ളോറ രാജൻ , സി പി ഷൈജൻ ,ഹക്കിം കുന്നേൽ , ഇല്ലിക്കൽ അഗസ്തി ,പി പി ദിവാകരൻ ,സുനിൽകുമാർ തുടങ്ങിയ നേതാക്കൾ  ആദരാഞ്ജലികൾ അർപ്പിച്ചു. 

വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കണ്ണൂരിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. സെപ്തംബർ 4നാണ് ദേശീയ പാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ കാറപകടത്തിലാണ് കെ പി കുഞ്ഞിക്കണ്ണന് പരിക്കേറ്റത്. കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. വാരിയെല്ലിന് പരിക്കേറ്റ് കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

1987-ലെ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. കെപിസിസി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നുള്ള കെപിസിസി അംഗമാണ്. കാസർകോട് ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ പി ദീർഘകാലം കാസർകോട് ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991ലും 96ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടു. കേരഫെഡ് ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയറക്ടർ, പയ്യന്നൂർ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 

 കാറമേൽ എഎൽപി സ്കൂൾ റിട്ട. പ്രഥമാധ്യാപിക സുശീലയാണ് ഭാര്യ.
മക്കൾ: കെ പി കെ തിലകൻ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെ പി കെ തുളസി ( അധ്യാപിക, സെയിൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ)  
മരുമക്കൾ: അഡ്വ വീണ എസ് നായർ ( യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).

ഇന്ന് കാസർഗോഡ് ജില്ലയിലെ വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 6 മണിയോടുകൂടി മൃതദേഹം പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും തുടർന്ന് 7 മണിക്ക് കണ്ടോന്താർ,രാത്രി 8.30 മണിയോടുകൂടി കാറമേൽ പ്രിയദർശിനി മന്ദിരത്തിലും പൊതു ദർശനം ഉണ്ടാവും.

നാളെ രാവിലെ 8.30 ന് പയ്യന്നൂർ അന്നൂരിലുള്ള വസതിയിൽ എത്തിക്കും.തുടർന്ന് 11 മണി മൂരിക്കൊവ്വൽ ശാന്തി സ്ഥല ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ നടക്കും.








Previous Post Next Post