കണ്ണൂർ :- വാടകയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കണ്ണൂർ കെഎസ്ആർടിസി കോംപ്ലക്സിലെ മിൽമ ഫുഡ് ട്രക്ക് നിർത്തി. 3 വർഷ കരാർ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കരാർ പുതുക്കി നൽകാൻ കെഎസ്ആർടിസി തയാറായില്ല. ഇതോടെ ഫുഡ് ട്രക്ക് പ്രവർത്തനവും നിലച്ചു. ഫുഡ് ട്രക്കിൽ നിന്ന് മാസത്തിൽ 20000 രൂപ മാത്രമേ കെഎസ്ആർടിസിക്ക് ലഭിക്കുന്നുള്ളൂ. എന്നാൽ കോംപൗണ്ടിലുള്ള ബങ്കുകളിൽ നിന്ന് 60,000 രൂപ വരെ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വാടക ഒഴിവാക്കിയുള്ള മിൽമ ഫുഡ് ട്രക്കിന്റെ കരാർ കാലാവധി നീട്ടി നൽകേണ്ടെന്ന് കെഎസ്ആർടിസി തീരുമാനിച്ചത്.
2021 ജൂലൈ 18ന് അന്ന് മന്ത്രിയായിരുന്ന എം.വി ഗോവിന്ദനാണ് ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തിരുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ചതിനു പിന്നാലെയാണ് കണ്ണൂരിൽ കെഎസ്ആർടിസി മിൽമ ഫുഡ് ട്രക്ക് സംവിധാനം ആരംഭിച്ചിരുന്നത്. കാലപ്പഴക്കത്താൽ കട്ടപ്പുറത്തായ കെഎസ്ആർടിസി ബസ് രൂപമാറ്റം വരുത്തി മോടികൂട്ടിയാണ് ഫുഡ് ട്രക്ക് ആരംഭിച്ചത്. ചായയും പലഹാരവും ഉൾപ്പെടെ മിൽമയുടെ 40 ഇനം ഉൽപ്പന്നങ്ങളും ഇവിടെ വിൽപ്പന നടത്തിയിരുന്നു. യാത്രക്കാർക്കു ഇരുന്നും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇതിലുണ്ടായിരുന്നു. ഫുഡ് ട്രക്കിനു പകരം 2 ബങ്കുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസി തീരുമാനം.