കുറ്റ്യാട്ടൂർ :- നിരവധി യാത്രക്കാരും വിദ്യാർഥികളും ഉപയോഗിക്കുന്ന റോഡിൻ്റെ നൂറുമീറ്റർ അറ്റകുറ്റപ്പണിക്കും കോൺക്രീറ്റ് ചെയ്യുന്നതിനുമായി ഒരുമാസം അടച്ചിട്ടതിൽ പ്രതിഷേധം. കാര്യാംപറമ്പ് -പൊറോളം-ചട്ടുകപ്പാറ റോഡിൽ കോറളാടിന് സമീപത്തായാണ് രണ്ടിടങ്ങളിലായി കോൺക്രീറ്റ് ചെയ്യുന്നത്. പൊറോളം പൊതുശ്മശാനത്തിന് സമീപത്തായുള്ള തകർന്ന റോഡിൻ്റെ പകുതിഭാഗം പ്രവൃത്തി പൂർത്തിയാക്കാതെ കോറളാട് ഭാഗത്തെ പ്രവൃത്തിക്കായി നീങ്ങിയതാണ് ദീർഘകാലം അടച്ചിടേണ്ടിവന്നതെന്ന് നാട്ടുകാർ പറയുന്നു.
ഈ റോഡിലെ ബസ് ഓട്ടം നിർത്തിവെച്ചതോടെ ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൃഷി ഭവൻ, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പോകേണ്ടവരാണ് പ്രയാസത്തിലായത്. ചട്ടുകപ്പാറ ഭാഗങ്ങളിൽ നിന്ന് പൊതുശ്മശാനത്തിലെത്തേണ്ട വർക്കും പ്രയാസമുണ്ട്. റോഡിൻ്റെ ഒരരികിൽ പ്രവൃത്തി പൂർത്തിയാക്കി വാഹനങ്ങൾക്ക് സർവീസ് നടത്താൻ അനുവദിക്കാത്തതാണ് പ്രശ്നമായത്.