കുറ്റ്യാട്ടൂർ :- കേരളത്തിലെ അപൂർവം ചില ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ കുറ്റ്യാട്ടൂർ ഉരുവച്ചാൽ തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രം അമാവാസി ഉത്സവം നവംബർ 1 വെള്ളിയാഴ്‌ച നടത്തും. കുറ്റ്യാട്ടൂരിലെ ഏറ്റവും ഉയർന്ന പ്രദേശമായ തീർഥാട്ട് മലയുടെ ഒരു ഭാഗത്താണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹാമുഖത്ത് നിന്നും മുന്നോട്ട് അകന്ന് മൂന്ന് ഭാഗങ്ങളായി വേർതിരിയുന്ന ഭാഗത്തെ സ്വയംഭൂവായ മണ്ണ് കൊണ്ടുള്ള ഗണപതി രൂപത്തിന് മുന്നിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ ക്ഷേത്രം ആരൂഢമായ അയ്യപ്പൻ ചാലിൽ നിന്നും വിളക്കും തിരിയും എഴുന്നള്ളിച്ച് വരുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഉച്ചയോടെ മുതുവപ്പുറം പൊടിക്കളത്തിൽ നിന്നുള്ള വർണ്ണശബളമായ കാഴ്ച്ച വരവും ഉണ്ടാകും.
വർഷത്തിൽ തുലാമാസ അമാവാസി നാളിൽ നടക്കുന്ന ഈ ഉത്സവത്തിന് മാത്രമേ ഗുഹയ്ക്ക് ഉള്ളിലേക്ക് ആളുകൾക്ക് പ്രവേശനമുള്ളു. കൊടിയ വേനലിലും ഗുഹാമുഖത്ത് നിന്നും തുള്ളികളായി ഇറ്റിവീഴുന്ന ജലം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ ജലത്തെ കാവേരി സംക്രമ തീർഥ ജലമായാണ് ഭക്തജനങ്ങൾ വിശ്വസിച്ച് പോകുന്നത്. തീർത്ഥ ജലം ഉള്ളത് കൊണ്ടാണ് ഗുഹ ഉൾപ്പെടുന്ന മലക്ക് തീർഥാട്ട് മലയെന്ന് വിശേഷണം വന്നതെന്ന് പഴമക്കാർ പറയുന്നു. മയ്യിൽ-ചാലോട് പ്രധാന റോഡിൽ ഉരുവച്ചാലിൽ നിന്നും ആരംഭിക്കുന്ന മലയ്ക്ക് സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് അഞ്ഞൂറ് അടിയിലേറെ ഉയരമുണ്ട്.