കണ്ണൂര്‍:-സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പലിശ വാഗ്ദാനം ചെയ്തു വന്‍തുക നിക്ഷേപമായി സ്വീകരിച്ച ശേഷം പണം തിരിച്ചുനല്‍കാതെ വഞ്ചിച്ചു എന്ന പരാതിയില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരും പ്രതിനിധികളുമായ 23 പേര്‍ക്കെതിരേ കോടതി നിര്‍ദേശപ്രകാരം ടൗണ്‍ പോലീസ് കേസെടുത്തു. മൗവ്വഞ്ചേരി സ്വദേശി പി പ്രകാശന്‍ അഡ്വ. മുഹമ്മദ് രിഫായി പാമ്പുരുത്തി മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അര്‍ബന്‍ നിധി ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരും പ്രതിനിധികളുമായ ആന്റണി സണ്ണി, ഷൗക്കത്തലി, വി.എസ്. അജിഷ, ജൂലി മധുമ്മല്‍, ജിജേഷ്, മേഘ സണ്ണി, സണ്ണി വെള്ളോറ, എബിന്‍ സണ്ണി, ഗ്രേസി സണ്ണി, അബ്ദുള്‍ ഗഫൂര്‍, ഉണ്ണേരികുട്ടി, റമീസ്, ജലീല്‍, ആന്റോ, മുഹമ്മദ്, അബ്ദുള്‍ റസാഖ്, ഷനോജ്, സലിം മൊയ്തു, മഞ്ജുള, പ്രിയ സി മേനോന്‍, നിമ്മി, ജസീന, ഷംന എന്നിവര്‍ക്കെതിരേയാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
2022 ജനുവരി 15 മുതല്‍ മെയ് ഏഴ് വരെയുള്ള കാലയളവില്‍ പരാതിക്കാരന്‍ 4,50,000 രൂപ നിക്ഷേപിച്ചുവെന്നും പിന്നീട് പലിശയോ നിക്ഷേപത്തുകയോ തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നുമാണ് പരാതി.