മനോരോഗിയെ ചികിത്സയ്ക്ക് കൊണ്ടുപോകുമ്പോൾ പോലീസ് അനുഗമിക്കണം - മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- ജന്മനാ രണ്ടു കൈകൾക്കും സ്വാധീനക്കുറവും മാനസികപ്രശ്നങ്ങളുമുള്ള ഇരിട്ടി മഠത്തിൽ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുമ്പോൾ പോലീസ് അനുഗമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പരിയാരം മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. തുടർചികിത്സ നൽകി പരാതിക്കാരന്റെ മാനസികാവസ്ഥ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. 

പോലീസ് സാന്നിധ്യമില്ലാതെ പരാതിക്കാരനെ ആശുപത്രിയിലേക്ക്കൊണ്ടുപോകുന്നത് നിലവിലെ സാഹചര്യത്തിൽ അഭിലഷണീയമല്ല. ചികിത്സാ വേളയിൽ രോഗിക്ക് സമീപം തന്നെ പോലീസ് ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. രോഗിക്ക് ആവശ്യമായ തുടർചികിത്സ നൽകണമെന്നും കമ്മീഷൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. ചികിത്സക്കെത്തിയ തന്നെ മെഡിക്കൽ സൂപ്രണ്ടും ആശുപത്രി ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി. ചികിത്സാ സമയത്ത് പരാതിക്കാരൻ അക്രമസക്തനാകാറുണ്ടെന്ന് രണ്ടു റിപ്പോർട്ടുകളിലും പറയുന്നു.



Previous Post Next Post