പറശ്ശിനിക്കടവ് :- പറശ്ശിനിമുത്തപ്പൻ മടപ്പുരയ്ക്ക് മുന്നിൽ ജലറാണി ഹൗസ് ബോട്ടിലൊരുക്കിയ മനോഹരമായ കതിർമണ്ഡപത്തിൽ വെച്ച് ഇരുവരും താലികെട്ടി. മുത്തപ്പനെയും പ്രിയപ്പെട്ടവരെയും സാക്ഷിയാക്കി മട്ടന്നൂർ സ്വദേശിയായ ലജിത്ത് ഡോ.അനന്യക്ക് താലിചാർത്തി. അങ്ങനെ ഇത് ഏവർക്കും പുതുമയും കൗതുകവുമായി. പുഴയാത്രകൾ ഉൾക്കൊള്ളുന്ന മലനാട് മലബാർ ടൂറിസം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ആദ്യ ഡെസ്റ്റിനേഷൻ വിവാഹമായിരുന്നു ഇത്. വീടുകളും ആരാധനാലയങ്ങ ളും ഓഡിറ്റോറിയങ്ങളും കടന്ന് മലയാളി കല്യാണത്തിനായി വിനോദസഞ്ചാരകേന്ദ്രങ്ങൾ തേടിപ്പോകുന്ന പുതിയ ട്രെൻഡ് ഹൗസ് ബോട്ടിലുമെത്തി. പ്രകൃതിമനോഹരമായ ഇടങ്ങളിൽ വിവാഹമുഹൂർത്തങ്ങൾ ആവിഷ്കരിക്കുന്നതിനൊപ്പം ഒരോ കല്യാണവും ഉല്ലാസമേറുന്ന അനുഭവമായി മാറുകയാണ്. ജില്ലയുടെ സുപ്രധാന തീർഥാടന ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ പുതിയൊരു വിനോദസഞ്ചാരസാധ്യത കൂടിയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലൂടെ തുറക്കുന്നത്.
വധു അനന്യയുടെ അച്ഛൻ ശിവപുരം സ്കൂൾ അധ്യാപകൻ രാജീവൻ വിദ്യാർഥികൾക്കൊപ്പം പറശ്ശിനിക്കടവിൽ നടത്തിയ ബോട്ടു യാത്രയാണ് വേറിട്ട കല്യാണത്തിലെത്തിയത്. ബോട്ടിൽ മകളുടെ വിവാഹവേദിയൊരുക്കണമെന്ന ആവശ്യം പറശ്ശിനിക്കടവിലെ നന്മ ടൂറിസം ബോട്ട് ക്ലബ് സന്തോഷത്തോടെ സ്വീകരിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്താനും തീരുമാനമായി. മട്ടന്നൂർ പഴശ്ശിയിലെ കക്കണ്ടി ലക്ഷ്മണന്റെയും സുശീലയുടെയും മകനാണ് വരൻ ലജിത്ത്, ബഹ്റൈനിൽ അക്കൗണ്ടന്റാണ്. സ്നേഹയാണ് ഡോ.അനന്യയുടെ അമ്മ. മലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിവാഹവേദിയായി മാറുന്നത് വലിയ പ്രതീക്ഷയാണെന്ന് മലനാട് റിവർ ക്രൂസ് പദ്ധതി ആർക്കിടെക്റ്റ് മധുകുമാർ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രകൃതിസുന്ദരമായ ഇടങ്ങൾ വരും നാളുകളിൽ വിവാഹ ഡെസ്റ്റിനേഷനുകളായി മാറും. പറശ്ശിനിയിലേതുൾപ്പെടെയുള്ള ഫ്ളോട്ടിങ് റസ്റ്റോറന്റുകൾ, ബോട്ട് റെയ്‌സിങ് പവലിയൻ, കണ്ടൽ കാടുകൾ തുടങ്ങിയവയെല്ലാം വിവാഹവേദിയായി മാറുമെന്നും മധുകുമാർ പറഞ്ഞു.