കൊച്ചി :- കോടികൾ തട്ടുന്ന സൈബർ സാമ്പത്തികത്തട്ടിപ്പിൽ ഇരകളെ കുടുക്കുന്ന മലയാളി സംഘങ്ങളുടെ എണ്ണം കൂടുന്നു. ഏതാനും മാസത്തിനിടെ 20-ലധികം മലയാളിയുവാക്കളാണ് പോലീസിന്റെ പിടിയിലായത്. വ്യാജ ട്രേഡിങ് ആപ്പുകൾ ഉണ്ടാക്കി നിക്ഷേപത്തിന് വൻലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് മലയാളികൾ ചെയ്യുന്നത്. ഒരുവർഷം മുൻപുവരെ തട്ടിപ്പിനിരയാകുന്നവർ മാത്രമായിരുന്നു മലയാളികളെങ്കിൽ ഇപ്പോൾ തട്ടിപ്പിന്റെ സൂത്രധാരന്മാരായ പല സംഘങ്ങളിലും മലയാളികളുണ്ട്. ഓൺലൈൻ ട്രേഡിങ്ങിലൂടെ 50 ലക്ഷം മുതൽ മൂന്നുകോടിലധികം വരെ തട്ടിയെടുത്ത കേസുകളാണ് കേരളത്തിൽ അടുത്തയിടെ റിപ്പോർട്ട് ചെയ്തത്.സാമൂഹിക മാധ്യമങ്ങളിലൂ ടെ പരിചയപ്പെടുന്നവരെ ട്രേഡി ങ് ചെയ്യുന്നതിനുള്ള ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യപടി. ഗ്രൂപ്പിലെ മറ്റംഗങ്ങൾ അവർക്ക് ലാഭമായി കിട്ടിയ വൻ തുകയുടെ കണക്കുകൾ പങ്കു വെക്കും. പണം ലഭിച്ചെന്ന് തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെക്കും. തുടർന്ന് വ്യാജ വെ ബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയാണ് ചെയ്യുക. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും അമിതലാഭം നൽകും.
പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം ഇരകളുടെ അക്കൗണ്ടിലേക്ക് എത്തിയതിന്റെ സ്ക്രീൻഷോട്ടും നൽകും. ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും വൈകിയാണ് അറിയുക. പിൻവലിക്കാൻ കഴിയാത്ത ഈ പണം ഇരയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനായി ജി.എസ്.ടി.യുടെ പേരിലും പണം തട്ടും. ട്രേഡിങ് തട്ടിപ്പിൽ ഇരകൾ ബാങ്ക് മാനേജർമാരും ഐ.ടി ഉദ്യോഗസ്ഥരുമാണെന്നതാണ് മറ്റൊരു വസ്തുത .സൈബർ തട്ടിപ്പിൻ്റെ തുടക്കം നൈജീരിയൻ സംഘങ്ങളിൽ നിന്നായിരുന്നു. 200-ലധികം കേസുകളിൽ നൈജീരിയൻ പങ്കാളിത്തം കണ്ടെത്തി. പിന്നാലെ ചൈന, തായ്‌ലാൻഡ്, ലാവോസ് എന്നിവിടങ്ങളിലെ സൈബർ ഗ്രൂപ്പുകൾ സാമ്പത്തികത്തട്ടിപ്പുരംഗത്ത് പിടിമുറുക്കി. ഇവർക്കൊപ്പമാണ് ചില മലയാളിയുവാക്കളും രംഗത്തുള്ളത്.തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൻ്റെ 15 ശതമാനംവരെയാണ് അന്വേഷണത്തിൽ തിരിച്ചു പിടിക്കാൻ കഴിയുക. പോയവർഷം കേരളത്തിൽനിന്ന് നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി രൂപമാത്രമാണ് വീണ്ടെടുത്തത്. ഇക്കൊല്ലം ഓഗസ്റ്റുവരെ ലഭിച്ച 27,723 പരാതികളിൽ നഷ്ടപ്പെട്ട 514 കോടി രൂപയിൽ 70 കോടി രൂപ വീണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക വീണ്ടെടുക്കുകയെന്നത് ശ്രമകരമാണ്. ഇതാണ് തട്ടിപ്പുസംഘത്തിന്റെ ലാഭം.