ഗുരുവായൂർ :- നൃത്ത അരങ്ങേറ്റങ്ങളുടെ വേദിയായ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം അടിമുടി മാറുന്നു. തെക്കേ നടയിലുള്ള ഈ ഓഡിറ്റോറിയം നിർമാണത്തിനായി 28 മുതൽ അടച്ചിടും. അതുവരെ ബുക്ക് ചെയ്തിട്ടുള്ള പരിപാടികളെല്ലാം നടക്കും. ഡിസംബർ പകുതിയോടെ പണികൾ പൂർത്തിയാക്കാനാകുമെന്ന് ദേവസ്വം അറിയിച്ചു. സ്റ്റേജ് കൂടുതൽ മോടിപിടിപ്പിക്കും. മുന്നിൽ 'ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം' എന്നെഴുതിയ മനോഹരമായ കവാടം. മുകൾഭാഗത്ത് ആകർഷക രീതിയിൽ ഷീറ്റിടും. ചുറ്റുഭാഗത്തുമുള്ള ഇരുമ്പിൻ്റെ തൂണുകൾ അലൂമിനിയം പാനുകൾ ഉപയോഗിച്ച് മറയ്ക്കും. ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറ് ക്ലാഡിങ് ഷീറ്റിട്ട് മറയ്ക്കും. മഴ പെയ്യുമ്പോൾ നനയാതിരിക്കാനാണിത്.
ദേവസ്വം മരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എം.കെ അശോക് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ഇ.കെ നാരായണൻ ഉണ്ണി എന്നിവരാണ് പദ്ധതിക്ക് മേൽനോട്ടം. ഇവരുടെ നേതൃത്വത്തിൽ തന്നെയാണ് രൂപരേഖ തയ്യാറാക്കിയതും. മരാമത്തിലെ സൂപ്പർവൈസർ ഷാമിലിയും ടീമിലുണ്ട്. കഴിഞ്ഞ വർഷമാണ് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം നിർമിച്ചത്. വിഷുദിവസം സമർപ്പണം നടന്നു. നൃത്താർ ച്ചനയും മറ്റ് പരിപാടികൾക്കുമുള്ള പ്രധാന വേദിയായ മേൽപ്പുത്തൂർ ഓഡിറ്റോറിയം തികയാതെ വന്നപ്പോഴായിരുന്നു രണ്ടാമതൊരു വേദി കൂടി പണിതത്.