തിരുവനന്തപുരം :- റവന്യു, രജിസ്ട്രേഷൻ, സർവേ വിഭാഗങ്ങളുടെ സംയോജിത ഡിജിറ്റൽ പോർട്ടലായ 'എന്റെ ഭൂമി' ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭൂമി കൈമാറ്റം, ഭൂമി രജിസ്ട്രേഷൻ ചെയ്യാനുള്ള ടെംപ്ലേറ്റ് സംവിധാനം, ലൊക്കേഷൻ സ്കെച്ച്, ബാധ്യതാസർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിർണയം തുടങ്ങിയ സേവനങ്ങൾ ഒറ്റ പോർട്ടലിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലായി അളന്നത് 4.87 ലക്ഷം ഹെക്ടർ ഭൂമി വില്ലേജ് ഓഫീസ്, സർവേ ഓഫീസ്, രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കേണ്ട വിവിധ സേവനങ്ങളാണ് എന്റെ ഭൂമി പോർട്ടൽ വഴി ലഭിക്കുകയെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.
സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റൽ റീസർവേയിൽ 4.87 ലക്ഷം ഹെക്ടർ ഭൂമിയുടെ അളവ് പൂർത്തിയായി. 212 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഭൂവിവരങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു. സർവേ പൂർത്തീകരിച്ച് കരട് പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ ഭൂമിയുടെ വിവരം എൻ്റെ ഭൂമി പോർട്ടലിൽ അപ്ലോഡ് ചെയ്യും. സർവേ സംബന്ധിച്ച ആക്ഷേപം പോർട്ടൽവഴി നൽകാം. തുടർപരാതികളുടെയും ഭൂമിതർക്ക കേസുകളുടെയും എണ്ണം കുറയ്ക്കാൻ ഇതു സഹായിക്കും.