ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് ഒക്ടോബർ 25 ന് തുടക്കമാകും


കണ്ണൂർ :- ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 25 മുതൽ 28 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കും. 25-ന് രാവിലെ ഒൻപത് മുതൽ പുസ്തകവിൽപ്പന തുടങ്ങും. വൈകിട്ട് മൂന്നിന് മന്ത്രി ഡോ. ആർ.ബിന്ദു മേള ഉദ്ഘാടനം ചെയ്യും. ഡോ. വി.ശിവദാസൻ എം.പി അധ്യക്ഷനാകും. കഥാകൃത്ത് ടി.പത്മനാഭൻ വിശിഷ്ടാതിഥിയാകും. തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണം ഡോ. കെ.പി മോഹനൻ നടത്തും. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ അവതരിപ്പിക്കുന്ന നൃത്തവിരുന്ന് എന്നിവ അരങ്ങേറും.

26-ന് രാവിലെ 11-ന് കഥാ പ്രസംഗകലയുടെ നൂറാം വാർഷികം പ്രമാണിച്ച് 'കാഥികസംഗമം' നടക്കും. പ്രൊഫ. വി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.കണ്ണൂർ, കാസർകോട് ജില്ലകളിലെ 30-ഓളം കാഥികർ പങ്കെടുക്കും. മൂന്നിന് 'കുമാരനാശാൻ ചരമശതാബ്ദിവർഷം ഡോ. എം.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പയ്യന്നൂർ താ ലൂക്ക് ലൈബ്രറി കൗൺസിൽ ഒരുക്കുന്ന സംഗീതശില്പം അരങ്ങേറും. 27-ന് രാവിലെ 9.30- ന് ഗ്രന്ഥാലോകം 75-ാം വാർ ഷിക പതിപ്പിന്റെ പ്രകാശനം നടക്കും. ഇ.പി രാജഗോപാലൻ പ്രഭാഷണം നടത്തും. 

മൂന്നിന് യുവപ്രതിഭാസംഗമം കഥാകൃത്ത് സിതാര എസ്. ഉദ്ഘാടനം ചെയ്യും. ഇരിട്ടി താലൂക്കിന്റെ നാടൻപാട്ട് അരങ്ങേറും. 28-ന് രാവിലെ 10.30-ന് സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം.മുകുന്ദൻ മുഖ്യാതിഥിയാകും. കരിവെള്ളൂർ മുരളി തോപ്പിൽഭാസി അനുസ്മരണ പ്രഭാഷണം നടത്തും. ഇ.എം അഷറഫ് സംവിധാനം ചെയ്ത എം.മുകുന്ദൻ അഭിനയിച്ച 'ബോൺഴൂർ മയ്യഴി'  ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ.കെ രത്നകുമാരി പുസ്തകോത്സവം ബ്രോഷർ പ്രകാശനം ചെയ്തു. 

Previous Post Next Post