മയ്യിൽ :- ഇന്നലെ രാത്രി കമ്പിൽ ടൗണിൽ വച്ച് നിറയെ യാത്രക്കാരുമായി പോകുന്ന ബസ്സിൽ ബൈക്ക് യാത്രികൻ കല്ലും ഹെൽമറ്റുമായി അതിക്രമിച്ച് കടന്ന് ബസ്സ് ജീവനക്കാരനെയും, തടയാൻ ശ്രമിച്ച ബസ്സ് യാത്രികനെയും മാരകായുധങ്ങളുമായി അക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കാത്ത പോലീസ് നടപടിയിൽ ബസ്സ് ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു. വലിയ രീതിയിലുള്ള അപകടങ്ങളും പരിക്കുകളും സംഭവിക്കാൻ സാധ്യതയുള്ള രീതിയിൽ തന്നെയായിരുന്നു പ്രതിയുടെ പ്രവൃത്തി. ബസ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാവുന്ന പ്രവൃത്തിയാണ് പ്രതി ബസ്സിൽ കാണിച്ചത്.എന്നിട്ട് പ്രതിയുടെ പ്രവൃത്തിയുടെ ഗൗരവത്തിന് സമാനമായ വകുപ്പുകൾ ചേർക്കാൻ പോലിസ് തയ്യാറായില്ലെന്ന ആരോപണമാണ് ബസ്സ് ജീവനക്കാർ ഉന്നയിക്കുന്നത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.
പ്രതിക്കെതിരെ വധശ്രമത്തിനുള്ള വകുപ്പുകൾ ചേർക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഗൗരവ വകുപ്പുകൾ ചേർക്കാത്ത പോലിസ് നടപടിയിൽ പ്രതിഷേധിച്ച് ബസ്സ് ജീവനക്കാർ ഇന്ന് കണ്ണൂർ ACP ക്ക് പരാതി നൽകിയിട്ടുമുണ്ട്.
അതു കൊണ്ട് തന്നെ ഇന്ന് രാവിലെ ആരംഭിച്ച ബസ്സ് സമരം നാളെയും തുടരാനാണ് സാധ്യത. ബസ്സ് യാത്രക്കാരൻ്റെ തലയ്ക്ക് 8 മുറിവ് വരെ ഉണ്ടായ സംഭവത്തിൽ കഠിനമായ മുറിവ് ഉണ്ടായതിൻ്റെ വകുപ്പ് ചേർക്കാതെ നിസ്സാര മുറിവ് എന്ന രീതിയിലാണ് വകുപ്പുകൾ ചേർത്തത്. അത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിക്കാൻ എളുപ്പമായി.
മാസങ്ങൾക്ക് മുമ്പ് നാറാത്ത് വച്ചും ഇത് പോലെ ബസ്സ് ജീവനക്കാർക്കെതിരെ സംഘം ചേർന്ന് മർദ്ദനം ഉണ്ടാവുകയും ജീവനക്കാരുടെ സ്വർണ്ണമാല വരെ നഷ്ടപ്പെടുകയും ഉണ്ടായി. ആയത് കേസിലും ബസ്സ് ജീവനക്കാർക്ക് നീതി ലഭിച്ചില്ലെന്ന ആരോപണം ശക്തമാണ്.
ഈ കേസിൽ ബസ്സ് ജീവനക്കാർക്ക് മർദ്ദനമേറ്റിട്ടും പ്രതികൾക്കെതിരെ ശക്തമായ നടപടി ഇല്ലാത്തതിൽ ബസ്സ് ജീവനക്കാർക്കിടയിൽ വൻ അമർഷമുണ്ട്. അത് കൊണ്ട് ബസ്സ് സർവ്വീസ് നിർത്തിവെച്ച് പ്രതിഷേധിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.