ആന്റിബയോട്ടിക് മരുന്നുകൾക്കുള്ള നീലകവറുകൾ ഒരുങ്ങുന്നു


കണ്ണൂർ :- ആന്റിബയോട്ടിക് മരുന്നുകൾ നീലക്കവറിൽ വിതരണം ചെയ്യാനൊരുങ്ങി ജില്ലയിലെ സ്വകാര്യ, സർക്കാർ ഫാർമസികൾ. കവറുകൾ അധികം വൈകാതെ ജില്ലയിലെത്തും. സ്വന്തം നിലയ്ക്ക് കവറുകൾ അച്ചടിക്കാൻ താൽപര്യമുള്ളവർക്ക് അവബോധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ കവറിന്റെ മാതൃകയും അയച്ചു നൽകിയിട്ടുണ്ട്. 

ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടിക്കൂടി രോഗികളിൽ ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതായി ഐസിഎംആർ പഠനത്തിൽ തെളിഞ്ഞിരുന്നു. രാജ്യത്തെ 39 ആശുപ്രതികളിൽ നടത്തിയ പഠനത്തിലാണു രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നെന്നു കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ റെസിസ്‌റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷം തുടർന്നാൽ 2050 ആകുന്നതോടെ എഎംആർ മൂലം രോഗികൾ മരണത്തിനു കീഴടങ്ങേണ്ടി വരും. 

ആന്റിബയോട്ടിക്കുകൾ വിറ്റാൽ കർശന നടപടിയെടുക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഒരാൾക്കുള്ള കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവർ മരുന്നു വാങ്ങരുതെന്നും നിർദേശമുണ്ട്. ആന്റിബയോട്ടിക്കുകൾ മാത്രമല്ല, ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ സ്‌ഥിരമായി ഉപയോഗിക്കുന്നതു നല്ലതല്ല. ഒരു കോഴ്സ് മരുന്ന് കഴിഞ്ഞാൽ പിന്നെയും അതു വാങ്ങി കഴിക്കരുത്.രോഗം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ വീണ്ടും കാണണം. മരുന്ന് കഴിക്കുമ്പോൾ ഏതെങ്കിലും ഭക്ഷണം കഴിക്കാൻ പാടില്ലാത്തതുണ്ടോയെന്നു കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. എത്ര നേരം, എത്ര അളവിൽ, എത്ര ദിവസത്തേക്ക് എന്നു മനസ്സിലാക്കിയിട്ടു വേണം മരുന്ന് വാങ്ങാൻ. 


Previous Post Next Post