കണ്ണൂർ :- റവന്യൂജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള 24, 25 തീയതികളിൽ കണ്ണൂരിലെ നാല് സ്കൂളുകളിലായി നടക്കും. 15 ഉപജില്ലകളിൽ നിന്നായി 4000-ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വ്യാഴാഴ്ച 9.30 ന് സെയ്ന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25-ന് വൈകിട്ട് നാലിന് സെയ്ന്റ് മൈക്കിൾസ് സ്കൂളിലാണ് സമാപന സമ്മേളനം.
വിവിധ മത്സരങ്ങളും വേദികളും
ശാസ്ത്രമേള, ശാസ്ത്രനാടകം : വേദി-സെയ്ന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾവിഭാഗം വിദ്യാർഥികളുടെ മത്സരങ്ങൾ 24-നും ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങൾ 25-നുമാണ്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം അധ്യാപകർക്കുള്ള പഠനസഹായി നിർമാണമത്സരങ്ങളും നടക്കും.
ഗണിതശാസ്ത്ര മേള : വേദി-സെയ്ൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ മുഴുവൻ ഒക്ടോബർ 24-നും ഹയർ സെക്കൻഡറി വിദ്യാർഥികളുടെത് 25-നുമാണ്. അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് നിർമാണവുമുണ്ടാകും.
സാമൂഹികശാസ്ത്ര മേള : വേദി-പയ്യാമ്പലം ഗേൾസ് എച്ച്.എസ്.എസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾ 24, 25 തീയതികളിൽ. 24-ന് പ്രസം ഗം, അറ്റ്ലസ് നിർമാണം, പ്രാദേശിക ചരിത്ര രചന, അധ്യാപ കർക്കുള്ള ടീച്ചിങ് എയ്ഡ് നിർമാണം. 25-ന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, ടീച്ചിങ് എയ്ഡ്, പ്രാദേശിക ചരിത്രരചനയുടെ അഭിമുഖം.
പ്രവൃത്തിപരിചയ മേള: വേദി-ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ. ഒക്ടോബർ 24-ന് ഹൈസ്കൂൾ, 25-ന് ഹയർസെക്കൻഡറി തല മത്സരം. 34 ഇനങ്ങളിലായി തത്സമയ മത്സരങ്ങളാണ് നടക്കുന്നത്. വിധിനിർണയത്തിനു ശേഷം കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനം 1.30 മുതൽ 2.30 വരെ നടക്കും.
ഐ.ടി മേള : വേദി-സെയ്ന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും മറ്റുമുള്ള ഭക്ഷണം മുനിസിപ്പൽ എച്ച്.എസ്.എസിൽ നിന്ന് നൽകും. ഹയർ സെക്കൻഡറി മേഖല ഉപ ഡയറക്ടർ ആർ.രാജേഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ഇസ്മായിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.