മാഹി :- മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് നാളെ തുടക്കമാകും. രാവിലെ 11.30ന് തിരുനാൾ കൊടിയേറും. 12ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. 18 ദിവസം നീളുന്ന തിരുനാൾ ആഘോഷം ഒക്ടോബർ 22ന് ഉച്ചയ്ക്ക് സമാപിക്കും. 14,15 തീയതികളാണു പ്രധാന ദിവസങ്ങൾ. രാവിലെയും വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും ഉണ്ടാകും. ഒക്ടോബർ 7ന് വൈകിട്ട് 6ന് സിറോ മല ബാർ റീത്തിലും 12നു വൈകിട്ട് 3ന് കൊങ്കണി ഭാഷയിലും 13ന് ഇംഗ്ലിഷിലും ദിവ്യബലി നടക്കും. പ്രധാന ദിവസമായ 14നു വൈകി ട്ട് 6ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആന്റണി വാലുങ്കൽ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. തുടർന്ന് രാത്രി 7നു അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ച് നഗരപ്രദക്ഷിണം ആരംഭിക്കും.
ഒക്ടോബർ 15ന് തിരുനാൾ ദിവസം പുലർച്ചെ ഒന്നു മുതൽ രാവിലെ 6 വരെ വിശ്വാസികൾ നേർച്ചയായി ശയനപ്രദക്ഷിണം നടത്തും. രാവിലെ 10.30ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലി. വൈകിട്ട് 3ന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമവും നടക്കും. സമാപന ദിവസം രാവിലെ10.30ന് കണ്ണൂർ രൂപത വികാരി ജനറൽ മോൺ ക്ലാരൻസ് പാലിയത്ത് ദിവ്യബലിക്ക് കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് വിശുദ്ധ രൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.