കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവച്ചടങ്ങുകൾക്ക് തുടക്കമായി


കൊല്ലൂർ :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവച്ചടങ്ങുകൾക്ക് തുടക്കമായി. ഒന്നാം ഉത്സവദിനമായ ഇന്നലെ പുലർച്ചെ ഉദയബലി പൂജയ്ക്ക് ശേഷം കാളിദാസ ഭട്ടിന്റെ നേതൃത്വത്തിൽ ശീവേലിയും സു ബ്രഹ്മണ്യ അഡിഗയുടെ കാർമികത്വത്തിൽ 8 മണിയോടെ സ്‌തംഭ ഗണപതിപൂജയും നടന്നു. ശേഷം ഉച്ചപ്പൂജയും വൈകിട്ട് 7നു നവരാത്രി കലോക പൂജയും നടന്നു.

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രം ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. ഒന്നാം ഉത്സവദിനത്തിൽ നൂറുകണക്കിന് ഭക്തർ കൊല്ലൂരിലേക്ക് എത്തി. ഒക്ടോബർ 11 വരെയാണ് നവരാത്രി ഉത്സവം. പതിവു പൂജകൾക്കു പുറമേ മുഖ്യ തന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകളും നടക്കും.

മഹാനവമി ദിനമായ 11ന് ചണ്ഡികായാഗം നടക്കും. രാത്രി 9.30ന് ആണ് ഈ വർഷത്തെ പുഷ്‌പ രഥോത്സവം. റിഷഭ ലഖ്‌നത്തിൽ പുഷ്പത്താൽ അലങ്കരിച്ച രഥത്തിൽ കൊല്ലൂരമ്മയെ കയറ്റി 3 തവണ ശ്രീകോവിൽ ചുറ്റുന്ന ചടങ്ങ് കാണാനായി ആയിരക്കണക്കിന് ഭക്‌തരെത്തും. വിജ‌യദശമി ദിനമായ 12ന് രാവിലെ 4 മണി മുതൽ വിദ്യാരംഭച്ചടങ്ങുകൾക്കും തുടക്കമാകും. മഹാനവമി ദിവസം അടുക്കുന്നതോടെ കേരളത്തിൽ നിന്ന് ഉൾപ്പെടെ ധാരാളം ഭക്തരെയാണു പ്രതീക്ഷിക്കുന്നത്.

Previous Post Next Post