കണ്ണൂർ :- തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ കോട്ടയം സ്വദേശി നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം. തർക്കത്തിനിടെ തീവണ്ടിയിൽ നിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയിൽ നിന്ന് പിടിയിലായി. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻ പറമ്പത്ത് ധർമരാജൻ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവതി ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങല വലിച്ച് തീവണ്ടിയിൽനിന്ന് ചാടും ചാടുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്.
തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ചോദ്യം ചെയ്ത പെൺകുട്ടിയെ അയാൾ അസഭ്യം പറഞ്ഞു. തർക്കം മുറുകിയപ്പോൾ എടക്കാടിന് സമീപം ധർമരാജൻ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് കാറിൽ കതിരൂരിലെത്തിയ ഇയാൾ പിന്നീട് വടകരയിലൊരു ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിയത്.
പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽവേ പോലീസ് എസ്.ഐ പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് എസ്.ഐമാരായ രാജൻ കോട്ടമലയിൽ, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു, ആർ.പി.എഫ് ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.