CPM ഏരിയ സമ്മേളനങ്ങൾക്ക് നവംബർ 1 ന് തുടക്കമാകും


കണ്ണൂർ :- ബ്രാഞ്ച്- ലോക്കൽ സമ്മേളനങ്ങൾക്കു ശേഷം സിപി എം ഏരിയ സമ്മേളനങ്ങൾ കേരളപ്പിറവിദിനമായ നവംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 8ന് 18 ഏരിയ സമ്മേളനങ്ങളും പൂർത്തിയാകും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ അതതു ഘടകങ്ങളുടെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. വിമർശനപരമായും സ്വയം വിമർശനാടിസ്ഥാനത്തിലും പരിശോധന നടന്നു. വലതുപക്ഷ രാഷ്ട്രീയക്കാരും കോർപറേറ്റുകളും വലതുപക്ഷ മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലയെ അതിജീവിച്ചാണ് സമ്മേളനങ്ങൾ വിജയകരമായി നടത്തിവരുന്നതെന്ന് ജില്ലാ നേതൃത്വം അവകാശപ്പെട്ടു. 

ആരോഗ്യപരമായ കാരണങ്ങളാൽ അപൂർവം ചില പാർട്ടി അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും സമ്മേളനങ്ങളിൽ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളും അനുഭാവി യോഗങ്ങളും ബ്രാഞ്ചുകളിൽ സംഘടിപ്പിച്ചു. എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നാണ് സമ്മേളനങ്ങൾ തീരുമാനിച്ചതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. 15ൽ കൂടുതൽ പാർട്ടി അംഗങ്ങളുള്ള ബ്രാഞ്ചുകൾ വിഭജിക്കുകയും പുതുതായി 22 ബ്രാഞ്ചുകൾ രൂപീകരിക്കുകയും ചെയ്തു.

ഏരിയ സമ്മേളനത്തിൻ്റെ തീയതി, ഏരിയ, സമ്മേളനം നടക്കുന്ന സ്‌ഥലം എന്ന ക്രമത്തിൽ

നവംബർ 1,2 പയ്യന്നൂർ (കണ്ടോത്ത്), 2,3 തളിപ്പറമ്പ് (മോറാഴ), 8,9 പെരിങ്ങോം (ചെറുപുഴ), 9,10 അഞ്ചരക്കണ്ടി (ചക്കരക്കൽ), 9,10 പിണറായി (മമ്പറം), 12,13 മയ്യിൽ (മുല്ലക്കൊടി), 16, 17 കണ്ണൂർ (അഴീ ക്കോട്), 18,19 എടക്കാട് (പെരളശ്ശേരി), 19,20 ആലക്കോട് - (ആലക്കോട്), 20,21 കൂത്തുപറമ്പ് (ചെറുവാഞ്ചേരി), 22,23 ശ്രീകണ്ഠപുരം (മലപ്പട്ടം), 23,24 മാ ടായി (നരിക്കോട്), 23,24 പേരാവൂർ (കോളയാട്), 26,27 ഇരിട്ടി (കീഴ്പ്പള്ളി), 28,29 തലശ്ശേരി (മാഹി), നവംബർ 30-ഡിസംബർ 1 പാനൂർ (ചമ്പാട്), നവംബർ 30-ഡിസംബർ 1 പാപ്പിനിശ്ശേരി (കണ്ണപുരം), ഡിസംബർ 7,8 മട്ടന്നൂർ (നായാട്ട്പാറ)

Previous Post Next Post