പത്തനംതിട്ട :- മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ശബരിമല തീർഥാടനത്തിൻ്റെ ആദ്യദിനം മുതൽ തന്നെ 18 മണിക്കൂർ ദർശനം ഉണ്ടാകും. വൃശ്ചികം ഒന്നായ നവംബർ 16-ന് പുലർച്ചെ മൂന്നിന് നട തുറക്കും. ഉച്ച പൂജയ്ക്കുശേഷം ഒരു മണിക്ക് നട അടയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കുന്ന നട രാത്രി 11-നേ അടയൂ. സുഗമമായ ദർശനത്തിന് സൗകര്യം ഒരുക്കാനാണ് 18 മണിക്കൂർ നടതുറന്നു വെക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ് പ്രശാന്ത് പറഞ്ഞു.
പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കുചെയ്യാം. ബുക്ക് ചെയ്യാതെവരുന്ന 10,000 പേർക്കു വരെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉണ്ട്. ഇതിന് ആധാർ കാർഡ് കൊണ്ടുവരണം. പകർപ്പായാലും മതി. വണ്ടിപ്പെരിയാർ, എരുമേലി, പമ്പ എന്നിവിടങ്ങളിലെ എൻട്രി പോയിന്റുകളിലായിരിക്കും റിയൽ ടൈം ഓൺലൈൻ ബുക്കിങ് കൗണ്ടറുകൾ. പമ്പയിൽ ബുക്കിങ്ങിന് ഏഴു കൗണ്ടർ സജ്ജമാക്കും. കോട്ടയം, പത്ത നംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ശബരിമല തീർഥാടകർ മരിച്ചാൽ അവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുമ്പോൾത്തന്നെ, ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനമടക്കമുള്ള വിവരങ്ങൾ തീർഥാടകരെ അറിയിക്കും. നിലയ്ക്കലിൽ വണ്ടികൾ ശാസ്ത്രീയമായി പാർക്ക് ചെയ്യിക്കാൻ 102 ജീവനക്കാരെ നിയമിച്ചു. പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യണം. മിനിറ്റിൽ 75 തീർഥാടകരെ വരെ പതിനെട്ടാംപടി കയറ്റിവിടും. പതിനെട്ടാം പടിയിൽ പരിചയസമ്പന്നരും യുവാക്കളുമായ പോലീസുകാരെ നിയോഗിക്കും.
തീർഥാടകരെ കൈപിടിച്ചു കയറ്റുന്നതിന് പോലീസുകാർക്ക് പടിയ്ക്കു സമീപം നിൽക്കാൻ പ്രത്യേകം സൗകര്യമൊരുക്കും. പോലീസുകാർക്ക് ബൂസ്റ്റ്, ഹോർലിക്‌സ്, നേന്ത്രപ്പഴം, ബിസ്‌കറ്റ് എന്നിവ നൽകും. മുൻപരിചയമുള്ള എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ് ഇത്തവണ പോലീസിന്റെ ഏകോപനച്ചുമതല. തീർഥാടനസമയത്ത് പമ്പയിലെ വിശ്രമകേന്ദ്രത്തിൽ തങ്ങേണ്ടി വരുന്ന സ്ത്രീകൾക്ക് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കും.