ശബരിമലയിലെ ഡോളി നിരക്കിന് തീർത്ഥാടകരുടെ ഭാരം അടിസ്ഥാനമാക്കും


ശബരിമല :- പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ ചുമന്നു കൊണ്ടുപോകുന്ന ഡോളി നിരക്ക് യാത്രക്കാരൻ്റെ ഭാരത്തിൻ്റെ അടിസ്ഥാനത്തിലാക്കും. ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ എ, ബി, സി എന്നിങ്ങനെതിരിച്ചാണ് നിരക്ക് പുതുക്കുന്നത്. തീർഥാടകരുടെ ഭാരം കണക്കാക്കുന്ന യന്ത്രം കൗണ്ടറിൽ സ്ഥാപിക്കാൻ ദേവസ്വം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. നിരക്ക് വർധിപ്പിക്കുന്നതിനായി ഡോളി ചുമട്ടുകാരുടെ യോഗം വിളിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബുവിനെ ചുമതലപ്പെടുത്തി. ഡോളി സർവീസ് പൂർണമായും പ്രീ പെയ്‌ഡ് ആക്കാനും ആലോചനയുണ്ട്. 

ഒരു വശത്തേക്ക് 3500 രൂപയാണ് ദേവസ്വം ബോർഡ് അംഗീകരിച്ച നിരക്ക്. എന്നാൽ ഈ തുകയ്ക്ക് തീർഥാരെ ചുമക്കാൻ പലപ്പോഴും ഡോളിക്കാർ തയാറല്ല. നിരക്ക് കൂടുതൽ വാങ്ങുന്ന രീതിയിൽ ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്നാണു പ്രീപെയ്‌ഡ് ആക്കാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. കൗണ്ടറിൽ ഭാര മെഷീൻ സ്ഥാപിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥഥരുടെ വിലയിരുത്തൽ. യന്ത്രം സ്ഥാപിക്കുന്ന മുറയ്ക്ക് പ്രീപെയ്‌ഡ് കൗണ്ടർ തുറക്കും. ഇവിടെ ഡിജിറ്റലായി പേയ്മെന്റ് സംവിധാനവും ഏർപ്പെടുത്തും. ശബരിമല തീർഥാടകർക്ക് ചക്കുപാലം, പമ്പ ഹിൽ ടോപ് ഭാഗങ്ങളിൽ പാർക്കിങ്ങിനു സൗകര്യമൊരുക്കാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർഥിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

Previous Post Next Post