ഹജ്ജിന് കൊണ്ടുപോകാമെന്ന വ്യാജേന 24 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേർക്കെതിരെ കേസ്


ചക്കരക്കല്ല് :- ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് രണ്ടു പേരിൽ നിന്ന് 12 ലക്ഷം രൂപ വീതം തട്ടിയെടുത്തുവെന്ന പരാതിയിൽ നാലു പേർക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്. ഏച്ചൂർ കൊട്ടാണിച്ചേരിയിലെ 'ബൈത്തുൽ റഹ്മാ'നിൽ എം.ഹാഷിമിന്റെയും കുഞ്ഞിട്ടെ അഷ്റഫിൻ്റെയും പരാതിയിലാണ് ചക്കരക്കല്ല് സി.ഐ. എം.പി ആസാദ് കേസെടുത്തത്.

മലപ്പുറം തിരൂരങ്ങാടി തിരുകുളം സ്വദേശി മുഹമ്മദ് അഫ്സൽ വലിയപീടിക, മലപ്പുറം വെളിയങ്കോട് സ്വദേശി പി.വി ഷൈലോക്ക്, കൊയിലാണ്ടിയിലെ എഴുത്തുപറമ്പിൽ സൂപ്പി, മലപ്പുറം കോട്ടക്കൽ ഇരിങ്ങൽ സ്വദേശി ഷക്കീർ അൻവാരി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിൽ നിന്ന് ഇക്കഴിഞ്ഞ ഫെബ്രവരി ഒന്നു മുതൽ മേയ് 17 വരെയുള്ള കാലയളവിൽ പലതവണകളായി 12 ലക്ഷം രൂപ വീതം കൈപ്പറ്റിയ ശേഷം ഹജ്ജിന് കൊണ്ടുപോകാതെയും നൽകിയ പണം തിരികെ നൽകാതെയും വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.

Previous Post Next Post