ചെന്നൈ :- യാത്രത്തിരക്ക് കുറയ്ക്കാനായി കേരളത്തിലോടുന്ന 30 തീവണ്ടികളിലായി 55 ജനറൽ കോച്ചുകൾ കൂട്ടിച്ചേർത്തു. ഈവർഷം അവസാനത്തോടെ കേരളത്തിലൂടെ ഓടുന്ന 16 തീവണ്ടികളിലായി 24 ജനറൽ കോച്ചുകൾ ഉൾപ്പെടുത്തും. തിരക്ക് കുറയ്ക്കാനായി രാജ്യത്തെ തീവണ്ടികളിൽ ഈവർഷം അവസാനത്തോടെ 1000 ജനറൽ കോച്ചുകളും 1000 സ്ലീപ്പർ കോച്ചുകളും കൂട്ടിച്ചേർക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
ഓഖ - എറണാകുളം എക്സ്പ്രസ് (16337/38), എറണാകുളം-ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12683/84), എറണാകുളം- പട്‌ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22643/44), എറണാകുളം-നിസാമുദ്ദീൻ എക്സ‌്പ്രസ് (12617/18), തിരുവനന്തപുരം-ന്യൂഡൽഹി എക്സ്പ്രസ് (12625/26), തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346/44), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ് (22641/42), കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16315/16), കൊച്ചുവേളി -കോർബ (22647/48), കൊച്ചുവേളി-ഇന്ദോർ അഹല്യ നഗരി എക്സ്പ്രസ് (22645/46), കൊച്ചുവേളി-നിസാമുദ്ദീൻ (12643/44) ഉൾപ്പെടെ 30 തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ കൂട്ടിയത്. കോച്ചുകൾ കൂട്ടിയ മറ്റ് തീവണ്ടികളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. എല്ലാ എക്സ്പ്രസ് തീവണ്ടികളിലും മുന്നിലും പിന്നിലുമായി രണ്ട് വീതം ജനറൽ കോച്ചുകൾ ഉറപ്പുവരുത്താനാണ് റെയിൽവേ ശ്രമിക്കുന്നത്. ഉത്സവ-വേനൽക്കാല അവധിക്കാലത്ത് കൂടുതൽ പ്രത്യേക തീവണ്ടികളും ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.