കാസർഗോഡ് :- കുറ്റവാളികളെ മണത്ത് പിടിക്കാൻ കാസർഗോഡ് കെ-9 സ്ക്വാഡിലെ ട്രാക്കർ പോലീസ് നായ റൂണി ഇനിയില്ല. ഒൻപതുവർഷത്തെ സേവനത്തിനുശേഷം ചൊവ്വാഴ്ച റൂണി വിരമിക്കുകയാണ്. 500-ലധികം കേസുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട് ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ഈ മിടുക്കി. ഒൻപതുവയസ്സും എട്ടുമാസവും പ്രായമുള്ള റൂണി 2010 ഏപ്രിൽ 10-ന് ഒന്നരവയസ്സിലാണ് തൃശ്ശൂരിലെ പരിശീലന അക്കാദമിയിൽ നിന്ന് കാസർകോട്ടെത്തിയത്. നിർണായകമായ പല ഘട്ടങ്ങളിലും അന്വേഷണസംഘത്തിന് വഴികാട്ടിയായി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് റൂണി തൻ്റെ സേവനം തുടങ്ങിയത്. സംഭവസ്ഥലത്തുണ്ടായ പ്രതിയുടെ ചെരിപ്പിൽ നിന്ന് മണംപിടിച്ച റൂണി നേരെ പോയത് പ്രതിയുടെ വീട്ടിലേക്കായിരുന്നു.
ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ വസ്ത്രത്തിൽ നിന്ന് ഗന്ധം തിരിച്ചറിഞ്ഞ് നേർവഴികാട്ടി അന്വേഷണസംഘത്തെ സഹായിച്ചു. വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പിടികൂടാനും റൂണി സഹായിച്ചു. വീട്ടമ്മയുടെ മാലയിൽനിന്ന് മണംപിടിച്ച് യഥാർഥ പ്രതിയുടെ നേർക്ക് റൂണി ഓടിയെത്തി. പോലീസ് ഡ്യൂട്ടി മീറ്റിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 2018-ൽ കേരള പോലീസ് ഡ്യൂട്ടി മീറ്റിൽ വെള്ളി മെഡലും 2019-ൽ ലഖ്നൗവിൽ നടന്ന അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ ഏഴാം സ്ഥാനവും നേടി. തൃശ്ശൂർ വിശ്രാന്തിയിലേക്കാണ് വിശ്രമജീവിതത്തിനായി പോകുന്നത്. എസ്.രഞ്ജിത്ത്, ആർ.പ്രജേഷ് എന്നിവരായിരുന്നു റൂണിയുടെ പരിശീലകർ.