കണ്ണൂർ :- കണ്ണൂർ റയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി ബുധനാഴ്ച 25 പേരെ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. ജില്ലാ കളക്ടർ, മുൻസിപ്പൽ സെക്രട്ടറി. കണ്ണൂർ റയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കണ്ണൂർ മുൻസിപ്പൽ സെക്രട്ടറിയും റയിൽവേസ്റ്റേഷൻ മാനേജറും ഡിസംബർ 18 ന് രാവിലെ 11 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
എട്ടുമണിക്കൂറാണ് നായ പരാക്രമം നടത്തിയത്. കടിയേറ്റ പലരുടെയും യാത്ര മുടങ്ങി. ഇതിൽ 72കാരന്റെ ഇരുകാലുകളും നായ കടിച്ചു പറിച്ചു. നായയുടെ പരാക്രമം ജില്ലാ കളക്ടറെയും നഗരസഭയെയും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. നേരത്തെ തന്നെ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും സ്റ്റേഷൻ മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.