നീലേശ്വരം :- തെരു അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) പ്രഖ്യാപിച്ച് ദുരന്തനി വാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തത്തിൽ പൊള്ളലേറ്റ 81 പേർ ഇപ്പോഴും ആസ്പത്രിയിൽ തുടരുന്നുണ്ട്. ഇതിൽ 15 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആകെ 158 പേരെയാണ് വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ നാലു പേർ മരിച്ചു. മറ്റുള്ളവർ ആസ്പത്രി വിട്ടു. ആസ്പത്രി വിട്ടവരിൽ ചിലർ വീണ്ടും ചികിത്സ തേടുന്ന സാഹചര്യവുമുണ്ട്. പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിക്കാനും ചികിത്സയ്ക്കും ജില്ലാ ഭരണകൂടം സ്വീകരിച്ച അടിയന്തര നടപടികൾക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചു. ഇവർക്കാവശ്യമായ അടിയന്തര ചികിത്സാസഹായം നൽകാനും കളക്ടർക്ക് അനുമതി നൽകി.