കണ്ണൂർ :- നീണ്ട കാത്തിരിപ്പിനൊടുവിൽ കോർപ്പറേഷൻ ഷീ ലോഡിജിൻ്റെ വാതിൽ സ്ത്രീകൾക്കായി തുറക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തോളമെടുത്താണ് ഇത് തുറന്നു നൽകുന്നത്. കാൽടെക്സിലെ പെട്രോൾ പമ്പിന് സമീപത്താണ് ഷീ ലോഡ്ജ്. 2023- ലാണ് ധൃതി പിടിച്ച് ഉദ്ഘാടനം നടത്തിയത്. പിന്നീടങ്ങോട്ട് അടിസ്ഥാന സൗകര്യമൊരുക്കാനും മറ്റുമായി പല കാരണങ്ങളാൽ തുറക്കുന്നത് വൈകുകയായിരുന്നു. ഇതേത്തുടർന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലടക്കം പ്രതിഷേധങ്ങളും പരാതികളും ഉയർന്നിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് 20-ന് ഷീ ലോഡ്ജ് തുറന്നുപ്രവർത്തിക്കും.
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇതോടെമൊരുങ്ങും. സ്ത്രീകൾക്ക് ഒരു രാത്രി തങ്ങാനും ജോലിക്കും മറ്റുമായെത്തുന്നവർക്ക് സ്ഥിരം താമസസൗകര്യവും ഇവിടെയുണ്ടാകും. താമസവും ഭക്ഷണവുമടക്കം മാസം 6000 രൂപയാണ് ഈടാക്കുക. ഒരുദിവസത്തേക്ക് 400 രൂപയും. ഭക്ഷണമില്ലാതെ താമസം മാത്രമാണെങ്കിൽ ഒരു ദിവസം 200 രൂപ നൽകിയാൽ മതി. മൂന്നുനിലകളായുള്ള കെട്ടടിത്തിൽ 40 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. ഒരാൾക്കായുള്ള മുറികളും രണ്ടും നാലും പേർക്ക് താമസിക്കാവുന്ന സൗകര്യമുള്ള മുറികളുമുണ്ട്. ഡൈനിങ് ഹാൾ, മെസ് എന്നീ സൗകര്യങ്ങളുമുണ്ട്. മുകളിലത്തെ നിലയിൽ ഫിറ്റ്നസ് സെന്ററിനായി സ്ഥലം ഒഴിച്ചുവെച്ചിട്ടുണ്ട്. പിന്നീട് ഈ സൗകര്യവും ഉൾപ്പെടുത്തും. കണ്ണൂർ വുമൺസ് ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നടത്തിപ്പു ചുമതല. പുരുഷൻമാർക്ക് ഇവിടെ പ്രവേശനമില്ല. എന്നാൽ അമ്മയ്ക്കൊപ്പമെത്തുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇവിടെ താമസിക്കാനാകും.
2023 ഡിസംബർ 30-ന് അന്നത്തെ മേയർ ടി.ഒ മോഹനനായിരുന്നു ഷീ ലോഡ്ജിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കോർപ്പറേഷൻ്റെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ടപ്രവർത്തനം നടത്തിയത്. അടിസ്ഥാന സൗകര്യമൊരുക്കാനും ഫർണിച്ചറിനും മറ്റുമായി അധികതുകയും നീക്കിവെച്ചിരുന്നു. താമസസൗകര്യം ഉറപ്പിക്കാൻ ബന്ധപ്പെടേണ്ട നമ്പർ - പ്രീത : 9446409548, ഷാഖി പ്രസാദ് : 9400400339.