Plus Two പരീക്ഷകൾ ഈ വർഷം ഉച്ചയ്ക്ക് ശേഷമാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം, പരീക്ഷാസമയമാറ്റം വിദ്യാർത്ഥികളെ വലയ്ക്കുമെന്ന് അധ്യാപകർ


കണ്ണൂർ :- 
ഈ വർഷത്തെ ഹയർസെക്കൻഡറി പൊതുപരീക്ഷകളുടെ സമയക്രമം മാറ്റിയത് വിദ്യാർഥികളെ വലയ്ക്കുമെന്ന് അധ്യാപകർ. മാർച്ചിലെ കടുത്ത ചൂട്, ഉച്ചയ്ക്കു ശേഷം പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്കു സമ്മർദമുണ്ടാക്കുമെന്നു കണ്ടെത്തി എസ്എസ്എൽസി പരീക്ഷകൾ രാവിലെ നടത്തണമെന്നു നിർദേശിച്ച പൊതുവിദ്യാഭ്യാസ വകുപ്പാണ് ഹയർസെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്കു ശേഷം നടത്താൻ തീരുമാനിച്ചതെന്നും ഇതിന്റെ ഔചിത്യമെന്താണെന്നും അധ്യാപകർ ചോദിക്കുന്നു.

കഴിഞ്ഞ വർഷം വരെ 10 ദിവസം കൊണ്ടാണ് ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയായിരുന്നത്. ഇത്തവണ അതിനും മാറ്റമുണ്ട്. പരീക്ഷകൾ അവസാനിക്കാൻ 3 ശനിയാഴ്‌ചകളുൾപ്പെടെ 18 ദിവസമെടുക്കും. രണ്ടാം വർഷക്കാരുടെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഒന്നിച്ചു നടത്തുന്നതിനാലാണിത്. കഴിഞ്ഞ വർഷം വരെ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകൾ അധ്യയന വർഷത്തിൻ്റെ പകുതിയോടെയാണു നടത്തിയിരുന്നത്.

സ്ഥലപരിമിതിയും ഇത്തവണത്തെ പരീക്ഷകളെ വലയ്ക്കുമെന്ന് ആരോപണമുണ്ട്. 3പരീക്ഷകളാണ് ഒരേസമയം നടക്കുന്നത്. ഭൗതിക സാഹചര്യങ്ങൾ പരിമിതമായ സ്കൂളുകളിൽ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുൻ വർഷങ്ങളിലേതുപോലെ പരീക്ഷകൾ രാവിലെ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും എഎച്ച്എസ്ട‌ിഎ ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.

ഏറെ പ്രാധാന്യമുള്ള ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് 3 മുതൽ 29 വരെ ഉച്ചയ്ക്കു ശേഷം നടത്തുന്ന രീതിയിൽ പുറത്തിറക്കിയ ടൈംടേബിൾ പുനഃപരിശോധിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂ‌ൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ് എസ്ടിഎ), എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) തുടങ്ങിയ സംഘടനകൾ ആവശ്യപ്പെട്ടു.

മാർച്ച് ആദ്യവാരം റമസാൻ വ്രതം ആരംഭിക്കുന്നതിനാൽ മു ന്നു മണിക്കുറോളം നീളുന്ന ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്കു ശേഷം നടത്തുന്നത് നോമ്പ് ആചരിക്കുന്ന കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കും. ദേശീയ മത്സരപ്പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കു മികച്ച രീതിയിൽ പരീക്ഷയെഴുതാൻ കഴിയാതെവരുന്ന സാഹചര്യം ഒഴിവാക്കണം. പരീക്ഷാസമയം രാവിലെ ക്രമീകരിക്കണമെന്നും ശനിയാഴ്‌ചകളിൽ ക്രമീകരിച്ചിരിക്കുന്ന പരീക്ഷകൾ ചില വിഭാഗം കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അതു പരിഹരിക്കണമെന്നും എച്ച്എസ്എസ്ട‌ിഎ സംസ്‌ഥാന പ്രസിഡന്റ് കെ.വെങ്കിട മൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ ആവശ്യപ്പെട്ടു.

മാർച്ചിലെ കൊടുംവേനലിൽ ഉച്ചയ്ക്കു ശേഷം സ്കൂ‌ളിലെത്തി പരീക്ഷയെഴുതുന്നത് വിദ്യാർഥി കളെ വലയ്ക്കുമെന്നും പരീക്ഷ കൾ രാവിലെതന്നെ നടത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞു നടക്കുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ശേഖരിച്ച് വെവ്വേറെ പാക്കറ്റുകളിലാക്കി അയയ്ക്കുന്നതു വെല്ലുവിളിയാകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരക്കടലാസ് പോസ്റ്റ‌് ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.


Previous Post Next Post