ശബരിമലയിലെ തിരക്ക് അറിയാൻ ഓൺലൈൻ സംവിധാനം ; കൂടുതൽ വിവരങ്ങൾക്ക് വാട്‌സാപ്പ് ചാറ്റ് ബോട്ടും


പത്തനംതിട്ട :- ശബരിമലയിൽ തിരക്ക് എങ്ങനെയുണ്ടെന്ന് അറിയാൻ സംവിധാനം വരും. സന്നിധാനത്തെ തിരക്കിന്റെ വിവരങ്ങളും മറ്റ് ക്രമീകരണങ്ങളും ഓൺലൈനായി അറിയിക്കും. വെർച്വൽ ക്യൂവിന്റെ സൈറ്റിൽ ക്രമീകരിക്കുന്ന ഡാഷ് ബോർഡിലൂടെയാണ് ഇത് ഭക്തർക്ക് കിട്ടുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലാ ഭരണകൂടമാണ് ഇത് നടപ്പാക്കുന്നത്. സന്നിധാനത്തെ സ്ഥിതി എന്താണെന്ന് സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന തരത്തിലുള്ള സംവിധാനമായിരിക്കും. തിരക്കിന്റെ അവസ്ഥ മുൻകൂട്ടിക്കണ്ട് ക്രമീകരണങ്ങൾ നടത്താനും കഴിയുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ശബരിമല എ.ഡി.എം അരുൺ എസ്.നായർ എന്നിവർ പറഞ്ഞു.

ഒരോ ദിവസത്തെയും ബുക്കിങ്ങുകളുടെ എണ്ണവും തിരക്കിന്റെ സ്ഥിതിയും ഡാഷ് ബോർഡിൽ അറിയാം. പോലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും തിരക്കുള്ള ദിവസങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഒരുക്കങ്ങൾ നടത്താൻ സാധിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും പാർക്കിങ് സൗകര്യങ്ങൾ തയ്യാറാക്കാനും പറ്റും. തിരക്കു കുറഞ്ഞ ദിവസങ്ങൾ കണ്ടെത്തി ഭക്തർക്ക് ബുക്ക് ചെയ്യാനുമാകും. വെർച്വൽ ക്യൂ ബുക്കിങ് നടത്തുന്നവരുടെ പേരു വിവരങ്ങൾ ഡാഷ് ബോർഡിൽ ഉണ്ടാകില്ല.

തീർഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരവുമായി വാട്‌സാപ്പ് ചാറ്റ് ബോട്ടും ഉണ്ടാകും. സംശയങ്ങൾക്ക് ഉടൻ ഉത്തരം കിട്ടും. എ.ഐ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ശബരിമല ദർശനസമയം, കെ.എസ്.ആർ.ടി.സി ബസ് സമയം, തൊട്ടടുത്തുള്ള ഇടത്താവളം, അടുത്തുള്ള ഹോട്ടലുകൾ, താമസ സൗകര്യം എന്നിങ്ങനെ എല്ലാകാര്യങ്ങളും വാട്സാപ്പ് ചാറ്റ് ബോട്ടിലൂടെ ഉത്തരം ലഭിക്കും. ആറ് ഭാഷകളിൽ ചാറ്റ് ബോട്ടിന്റെ സഹായമുണ്ടാകും. ഇതിനായുള്ള വാട്‌സാപ്പ് നമ്പർ അല്ലെങ്കിൽ ക്യു.ആർ കോഡ് എന്നിവ ഉടനെ പൊതു ജനങ്ങൾക്കായി നൽകും. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് പദ്ധതികളും പ്രവർത്തനസജ്ജമാകും.

Previous Post Next Post