തിരുവനന്തപുരം:- അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമസേനയ്ക്ക് കൂടുതൽ യൂ സർ ഫീ ഈടാക്കാൻ പഴുതു നൽകുന്ന മാർഗരേഖയിലെ പരിഷ്കാരങ്ങൾ പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കും. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ശേഖരി ക്കുന്ന അജൈവ മാലിന്യത്തിന് എത്ര തുകയാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഈടാക്കാവുന്നതെന്ന് പട്ടിക തിരിച്ചു വ്യക്തമാക്കി ഉത്തരവിറക്കുമെന്ന് തദ്ദേശ വകുപ്പ് അധികൃതർ പറഞ്ഞു.
മാർഗരേഖയിലെ അപാകതകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. സ്ഥാപനങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണെങ്കിലും മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ചും നിരക്ക് വ്യത്യാസപ്പെടും എന്നാണു മാർഗരേഖയിലെ പരിഷ്കാരം. വീടുകളിൽനിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ, പഞ്ചായ ത്തുകളിൽ കുറഞ്ഞത് 50 രൂപയും നഗരസഭകളിൽ 70 രൂപയും തുടരാമെന്നു മാർഗരേഖയിൽ പറയുന്നുണ്ടെങ്കിലും കൂടിയ നിരക്ക് എത്രയെന്നു വ്യക്തമാക്കിയിരുന്നില്ല.