കുറ്റ്യാട്ടൂർ :- തെരുവുനായശല്യം രൂക്ഷമായ കുറ്റ്യാട്ടൂരിൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. കുറ്റ്യാട്ടൂർ ഈസ്റ്റ‌് എ.എൽ.പി സ്‌കൂളിനു സമീപത്തെ പുത്തൻ വീട്ടിൽ ബാബുവിന്റെ സമീപത്തെ പറമ്പിൽ മേയാൻ വിട്ട നാല് ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. ബഹളം കേട്ട് ഓടിയെത്തിയ ബാബുവിനെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. ദിവസങ്ങൾക്കു മുൻപാണ് അടുത്തുള്ള പാവന്നൂരിൽ എഎൽപിസ്കൂൾ വിദ്യാർഥി അടക്കം അഞ്ചുപേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റത്.
കുറ്റ്യാട്ടൂരിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തേയും തെരുവ് നായ്ക്കൾ വളർത്തു മൃഗങ്ങളെയും കൂട് തകർത്ത് കോഴികളെയും ആക്രമിച്ചു കൊന്നിട്ടുണ്ട്. തെരുവ് നായ്ക്കളെ പിടികൂടണമെന്ന് നാട്ടുകാർ ഒട്ടേറെ തവണ ഗ്രാമസഭകളിലും മറ്റും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അധികൃതരുടെ അനാസ്ഥ നാട്ടുകാരുടെ പ്രതിഷേധത്തിനു ഇടയാക്കുകയാണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ വീടുകളിൽ നായ്ക്കളെ വളർത്തുന്ന പ്രവണത ഏറിവരികയാണ്. ഇത്തര ക്കാർ വീടുകളിൽ നായ്ക്കൾ ശല്യമാകുമ്പോൾ റോഡുകളിൽ ഉപേക്ഷിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. അനധികൃതമായി നായ്ക്കളെ വളർത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.