കൊച്ചി: - മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തു കാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ സച്ചിദാനന്ദൻ. നവംബർ ഒന്ന് മുതൽ ഓർമക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാൽ പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നുമാണ് കെ സച്ചിദാനന്ദൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കുള്ളൂവെന്നാണ് 78-കാരനായ കവി ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഈ ടേം കഴിയുന്നതുവരെ അക്കാദമിയുമായി ബന്ധപ്പെട്ട ചില പരിപാടികളിലും പങ്കെടുക്കും. അതേസമയം, ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുത്ത് തുടരുമെന്നും അദ്ദേഹം പറയുന്നു.
'ഏഴുവർഷം മുമ്പ് താത്കാലിക മറവിരോഗത്തിന് വിധേയനായി. അന്നു മുതൽ മരുന്നു കഴിച്ചുതുടങ്ങി. രോഗം ഭേദമായിരുന്നെങ്കിലും പുതിയ രീതിയിൽ തിരിച്ചുവന്നു. അഞ്ചു ദിവസമായി ആശുപത്രിയിലാണ്. ഒക്ടോബറിൽ നിറയെ യാത്രകളും പരിപാടികളുമായിരുന്നു.
മാനസിക സമ്മർദ്ദമാണ് രോഗം തിരിച്ചുവരാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. പ്രസംഗം സമയം പാഴാക്കുന്ന പരിപാടി മാത്രമാണെന്ന് 60 വർഷത്തെഅനുഭവം ബോധ്യപ്പെടുത്തി. പൊതു യോഗങ്ങൾക്കു വിളിക്കരുതെന്നും വന്നില്ലെങ്കിൽ ദയവായി പരിഭവമില്ലാതെ അംഗീകരിക്കണമെന്നും കുറിപ്പിൽ അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്.