ശബരിമല :- തീർഥാടനം മൂന്നുദിവസം പിന്നിട്ടപ്പോൾ ദർശനത്തിനുള്ള വലിയ തിരക്ക് കുറഞ്ഞു. ഇന്നലെ പുലർച്ചെ 3 മുതൽ വൈകിട്ട് 7 വരെ 58,247 പേർ ദർശനം നടത്തിയതായാണു പോലീസിന്റെ കണക്ക്. ശനിയാഴ്ച രാത്രി 11ന് നട അടച്ച ശേഷം എത്തിയ 7000 പേർ പതിനെട്ടാംപടി കയറിയെങ്കിലും സന്നിധാനത്തു തങ്ങി. ഇവർക്കും ഇന്നലെ രാവിലെയാണ് ദർശനം ലഭിച്ചത്. തിരക്കു കുറഞ്ഞതിനാൽ അപ്പം, അരവണ വഴിപാട് കൗണ്ടറുകൾക്കു മുൻപിലും വലിയ കാത്തു നിൽപ്പിന്റെ ആവശ്യമില്ലായിരുന്നു.
പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യു, 10,000 പേർക്ക് സ്പോട് ബുക്കിങ് വഴിയാണ് ദർശന സൗകര്യം. എന്നാൽ വെർച്വൽ ക്യു ബുക്ക് ചെയ്തവരിൽ ഏകദേശം 15,000 പേർ വീതം കഴിഞ്ഞ രണ്ടുദിവസങ്ങളിലും എത്തിയില്ല. സ്പോട് ബുക്കിങ്ങിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ, പമ്പയിലെത്തിയാൽ പ്രവേശനം ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ വരാൻ മടിക്കുന്നവരും ഏറെയാണ്. 29 വരെ വെർച്വൽക്യു ബുക്കിങ് പൂർത്തിയായെന്നാണു സൈറ്റിൽ കാണിക്കുന്നത്. പന്ത്രണ്ടുവിളക്കു കഴിഞ്ഞാൽ തിരക്ക് കൂടുമെന്നാണ് വിലയിരുത്തൽ.